ജില്ലയുടെ 75-ാം പിറന്നാൾ: ഒരു വർഷത്തെ ആഘോഷം ജൂലായ് 1മുതൽ

Thursday 27 June 2024 12:31 AM IST

കൊല്ലം: ജില്ലയുടെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾക്ക് ജൂലായ് ഒന്നിന് വൈകിട്ട് നാലിന് കൊല്ലം ടൗൺ ഹാളിൽ തിരിതെളിയും.

കല, സാംസ്‌കാരിക, പൈതൃക, പാരമ്പര്യ, സാഹിത്യ മേഖലകളുടെ പ്രത്യേകതകളാണ് ആഘോഷത്തിന്റെ മുഖമുദ്ര.
ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുള്ള പരിപാടികൾ, കശുഅണ്ടി വ്യവസായം, നാടകം, കഥാപ്രസംഗം, സഞ്ചാരത്തിനുള്ള പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്യപ്പെടുമെന്ന് താത്കാലിക സംഘാടക സമിതി രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണിയും സംസാരിച്ചു.

മന്ത്രി കെ.എൻ. ബാലഗോപാൽ (ചെയർമാൻ), മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ (വൈസ് ചെയർപേഴ്സൺമാർ), കളക്ടർ എൻ. ദേവിദാസ് (കൺവീനർ), ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഡോ. രമ മാനസി (ജോ. കൺവീനർ) എന്നിവർ ഭാരവാഹികളായി താത്കാലിക സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേശ് കുമാർ, ജില്ലയിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ എന്നിവർ മുഖ്യരക്ഷാധികാരികളായിരിക്കും.

യോഗത്തിൽ എം.മുകേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കളക്ടർ എൻ. ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, റൂറൽ എസ്.പി സാബു മാത്യു, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement