മഴ തന്നെ മഴ

Thursday 27 June 2024 12:47 AM IST
മിനി സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന തണൽ മരത്തിന്റെ കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞ നിലയിൽ.

കോട്ടയം:മഴയുടെ തീവ്രത കഴിഞ്ഞ ദിവസത്തേക്കാൾ അൽപ്പം കുറഞ്ഞെങ്കിലും ഇന്നലെ ജില്ലയിൽ ഇടവിട്ടുള്ള ശക്തമായ മഴയായിരുന്നു പെയ്തിറങ്ങിയത്. രാവിലെയും ഉച്ച കഴിഞ്ഞും പെയ്ത മഴയിൽ കോട്ടയം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് ജില്ല മഞ്ഞ അലർട്ടിൽ തന്നെയാണ്. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെ തോടുകൾ നിറഞ്ഞൊഴുകുകയാണ്. കാരാപ്പുഴ ഭാഗത്തെ തോടുകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടുകളുടെ മുറ്റത്ത് വെള്ളം കയറി. ജില്ലയുടെ മലയോരമേഖലയിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഇന്നലെ പെയ്തത്.


റോഡിലേക്ക് ചാഞ്ഞ് മരക്കൊമ്പുകൾ
കണ്ടില്ലെന്ന് നടിച്ച് അധികൃതരും,

നഗരത്തിൽ വിവിധയിടങ്ങളിലാണ് അപകടാവസ്ഥയിൽ മരക്കൊമ്പുകൾ ചാഞ്ഞു കിടക്കുന്ന നിലയിൽ സ്ഥിതി ചെയ്യുന്നത്. മിനി സിവിൽ സ്റ്റേഷൻ, കച്ചേരിക്കടവ് കൃഷി വകുപ്പ് ഓഫീസ് കെട്ടിടം, സി.എം.എസ് കോളേജ് റോഡ്, ശാസ്ത്രീ റോഡ് എന്നിവിടങ്ങളിൽ പടുകൂറ്റൻ മരവും മരക്കൊമ്പുകളും അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. ഈ മരങ്ങൾ വെട്ടിമാറ്റണമെന്ന നിർദേശമുണ്ടെങ്കിലും കാറ്റിൽപ്പറത്തുകയാണ്.

തകർച്ച തുടർക്കഥ
മഴയും കാറ്റും ആരംഭിച്ചതോടെ, മരങ്ങൾ കടപുഴകി വൈദ്യുതിപോസ്റ്റുകളും ലൈനുകളും തകരുന്നത് തുടർക്കഥയാകുന്നു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്ക് ഇതിലൂടെ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രി കൊപ്രത്ത് ജംഗ്ഷന് സമീപം നിന്നിരുന്ന പുളിമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ അഗ്നിശമനസേനയും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മരം പൂർണ്ണമായി വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതവും വൈദ്യുതിബന്ധവും പുനസ്ഥാപിച്ചത്.

Advertisement
Advertisement