തൃശൂർ - പൊള്ളാച്ചി റൂട്ടിൽ ആനവണ്ടികളെ തുരത്താൻ സ്വകാര്യ ബസ് ലോബി

Thursday 27 June 2024 7:35 PM IST
പൊള്ളാച്ചി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശം സ്വകാര്യ ബസ് ഇടിച്ച് തകർത്ത നിലയിൽ
  • പൊള്ളാച്ചി സ്റ്റാൻഡിൽ നിറുത്തിയിട്ട കെ.എസ്.ആർ.ടി ബസിൽ ഇടിച്ചിട്ടും നടപടിയില്ല

തൃശൂർ: തൃശൂർ - പാലക്കാട്, തൃശൂർ - പൊള്ളാച്ചി റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് നേരെ സ്വകാര്യ ബസുകളുടെ അതിക്രമം. കെ.എസ്.ആർ.ടി.സി ഉന്നത ഇടപെടൽ വേണമെന്നാവശ്യം ശക്തം. ഏതാനും ദിവസം മുമ്പ് തൃശൂർ ഡിപ്പോയിൽ നിന്നുപോയ തൃശൂർ- പൊള്ളാച്ചി റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിനെ സ്റ്റാൻഡിൽ കെ.പി.ടി എന്ന സ്വകാര്യ ബസ് പിറകോട്ടെടുത്ത് ഇടിച്ചിരുന്നു.

ഗ്ലാസുകളടക്കം തകർന്ന് മൂന്ന് ട്രിപ്പാണ് ഇതുമൂലം മുടങ്ങിയത്. ഇത് സംബന്ധിച്ച് പൊള്ളാച്ചി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ല. ഇതുവരെയും ഗ്ലാസ് മാറ്റി ബസ് തൃശൂർ ഡിപ്പോയിൽ എത്തിക്കാനുമായില്ല. പതിനായിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

ഇരുചക്ര വാഹനങ്ങൾ കൊണ്ട് നിരന്തരം മാർഗതടസം സൃഷ്ടിച്ച് കെ.എസ്.ആർ.ടി.സി ഷെഡ്യൂൾ തകിടം മറിക്കാനുള്ള ശ്രമമാണ് സ്വകാര്യബസ് ലോബി നടത്തുന്നത്. കഴിഞ്ഞവർഷം തൃശൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലും പിന്നിലും ബൈക്ക് നിറുത്തി തടസം ഉണ്ടാക്കുകയും കെ.എസ്.ആർ.ടി.സി അധികൃതർക്കെതിരെ വ്യാജ പരാതി നൽകുകയും ചെയ്തിരുന്നു. അന്നും പൊള്ളാച്ചി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ബസിന്റെ ബാറ്ററിയും അഴിച്ചെടുത്തു.


പൊള്ളാച്ചി പൊലീസിന്റെ 'കട്ട സപ്പോർട്ട് '

കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയിൽ നടപടിയെടുക്കേണ്ട പൊള്ളാച്ചി പൊലീസ് സ്വകാര്യബസുകളുടെ തോന്ന്യാസത്തിന് കൂട്ടു നിൽക്കുകയാണ്. സ്വകാര്യബസുകൾ കേരള പെർമിറ്റിൽ ഉള്ളതാണെങ്കിലും ഉടമകൾ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരാണ്. അതിനാൽ കെ.എസ്.ആർ.ടി.സി നൽകുന്ന പരാതികൾക്ക് കടലാസിന്റെ വില പോലുമില്ല. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ബസിലിടിച്ച കെ.പി.ടി ബസിന് പൊള്ളാച്ചി വരെയാണ് പെർമിറ്റെങ്കിലും പഴനി ബോർഡ് വച്ചാണ് സർവീസ്. തൃശൂരിൽ നിന്ന് ഗോവിന്ദാപുരം വരെ സർവീസ് നടത്താൻ അനുമതിയുള്ള സ്വകാര്യ ബസുകൾ പൊള്ളാച്ചി ബോർഡ് സ്ഥാപിച്ച് സർവീസ് നടത്തും. തുടർന്ന് ഗോവിന്ദാപുരത്ത് യാത്രക്കാരെ ഇറക്കി ലോക്കൽ ബസിൽ കയറ്റിവിടുകയാണ്.

സംഭവത്തിൽ പൊള്ളാച്ചി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബസ് എടപ്പാൾ വർക്ക് ഷോപ്പിലെത്തിച്ച് പണി പൂർത്തിയാക്കിയ ശേഷമേ തൃശൂരിൽ എത്തിക്കൂ.

- ഉബൈദ്, ഡി.ടി.ഒ, തൃശൂർ.

Advertisement
Advertisement