വെള്ളച്ചാട്ടത്തിലും 'മെയ്ഡ് ഇൻ ചെെന'

Sunday 30 June 2024 3:00 AM IST

'ചൈനയല്ലേ, ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും" എന്നു വിചാരിക്കുന്ന പലരുടെയും വിചാരം പിന്നെയും നൈസായി ഊട്ടിയുറപ്പിക്കുകയാണ് ചെെന. സ്വന്തം നിർമ്മിതികളിലെ മായംചേർക്കലിനു പുറമെ,​ പ്രകൃതിയുടെ വരദാനമായ വെള്ളച്ചാട്ടത്തിലും ചൈന കയ്യൊപ്പു ചാർത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് ചൈന അവകാശപ്പെടുന്ന,​ ഹെനാൻ പ്രവിശ്യയിലെ യുന്തായി വെള്ളച്ചാട്ടത്തിലേക്ക് വെള്ളമെത്തിക്കുന്നത് പൈപ്പിലൂടെയാണെന്ന കൗതുക വാർത്തയാണ് അടുത്തിടെ പുറത്തു വന്നത്.!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സഞ്ചാരികളാണ് അതിമനോഹരമായ യുന്തായി വെള്ളച്ചാട്ടം കാണാനെത്തുന്നത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തിയ ഒരു സഞ്ചാരിക്ക് മലമുകളിൽ കയറി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കണമെന്ന് മോഹം തോന്നിയതോടെയാണ് ചെെനയുടെ കള്ളി വെളിച്ചത്തായത്. വെള്ളച്ചാട്ടത്തിനു മുകളിലെത്തിയ അയാൾ കണ്ടത് വലിയ കുഴലിൽ നിന്ന് കൃത്രിമായി പൈപ്പുകളിലൂടെ വെള്ളം താഴേക്ക് ഒഴുക്കുന്ന പുതിയ ടെക്‌നിക്കാണ്! രഹസ്യം അറിഞ്ഞയുടൻ ഇദ്ദേഹം ചെെനയുടെ ടിക് ടോക് പതിപ്പായ ഡ്യുയിനിൽ ആ വീഡിയോ ദൃശ്യം പങ്കുവച്ചു.

314 മീറ്റർ ഉയരത്തിൽ നിന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിലേക്കു വേണ്ടുന്ന വെള്ളം താഴെനിന്ന് മുകളിലെത്തിച്ച് പെെപ്പിലൂടെ വീണ്ടും താഴേക്കു വിടുകയായിരുന്നു. താഴെ നിന്ന് നോക്കുന്നവർക്ക് അതിമനോഹരമായ വെള്ളച്ചാട്ടം. സംഭവം വെളിച്ചത്തായതോടെ ഈ ചെെനീസ് ബുദ്ധിയെ ചെെന നിഷേധിക്കുന്നുമില്ല. മഴ കുറഞ്ഞതോടെ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾ നിരാശരാകാതിരിക്കാൻ വേണ്ടിയാണ് വെള്ളം പെെപ്പിലൂ‌ടെ എത്തിച്ചതെന്നായിരുന്നു 'യുന്തായ് മൗണ്ടൻ റിസോർട്ടി"ലെ ഉദ്യോഗസ്ഥരുടെ അവകാശവാദം. പ്രദേശിക ടൂറിസം അധികാരികളുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം എഴുപത് ലക്ഷത്തിലധികം സന്ദർശകരാണ് യുന്തായി വെള്ളച്ചാട്ടം കാണാൻ ചെെനയിലെത്തിയത്.

കാര്യങ്ങൾ ചെെനയും കടന്ന് പുറംലോകമറിഞ്ഞതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ,​ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. വീഡിയോ വെെറലായതോടെ ചെെനയിലെ മറ്റ് വെള്ളച്ചാട്ടങ്ങളും ഇത്തരത്തിലായിരിക്കുമെന്ന ആശങ്കയും പലരും പങ്കുവെച്ചു. ഏതായാലും കൃത്രിമ നിർമ്മിതിയാണെന്ന് ആദ്യം തന്നെ വെളിപ്പെടുത്തിയിരുന്നെങ്കിൽ നാണക്കേടിൽ നിന്ന് ഒഴിവായി ചൈനയ്ക്ക് അഭിനന്ദനം നേടാമായിരുന്നുവെന്ന് മറ്റു ചിലരും പറയുന്നു.

.

Advertisement
Advertisement