കളിയിക്കാവിള കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ  ദീപുവിന് 3.85 കോടി രൂപയുടെ ഇൻഷ്വറൻസ് സുനിൽകുമാർ സംസ്ഥാനം വിട്ടെന്ന് സംശയം

Sunday 30 June 2024 1:02 AM IST

കുഴിത്തുറ: മലയം സ്വദേശിയായ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ച കാർ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാംപ്രതി സുനിൽ കുമാറിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. തക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത പാറശാല സ്വദേശികളായ രണ്ടുപേരെ വിട്ടയച്ചു. കേസിലെ രണ്ടാംപ്രതി സുനിൽകുമാർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയം. കേരളത്തിലും തമിഴ്നാട്ടിലും ഇയാൾക്കായുള്ള ഊർജ്ജിത അന്വേഷണം നടക്കുകയാണ്. വിവിധയിടങ്ങളിലെ സി.സി ടിവികൾ ക്രോഡീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാൾ സ‌ഞ്ചരിച്ച പാത കണ്ടെത്താനാണ് സി.സി ടിവി സഹായം.സുനിലുമായി ബന്ധമുള്ളവരെയും പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയാണ്.ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.

ഭീഷണിയായി അമ്പിളി

തന്നെ കൊലപ്പെടുത്താൻ ദീപുവാണ് പറഞ്ഞതെന്നും പൊലീസ് കണ്ടെടുത്തത് കൊലപാതകത്തിന് തനിക്ക് തന്ന പ്രതിഫലമാണെന്നുമാണ് അമ്പിളി പൊലീസിനോടു പറഞ്ഞിരിക്കുന്നത്.നിലവിൽ ധാരാളം രോഗമുള്ള തന്നെ മർദ്ദിച്ചാൽ മരിച്ചുപോകുമെന്നും അമ്പിളി പൊലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.

സുനിലിന്റെ അറസ്റ്റിനു ശേഷം കസ്റ്റഡി

അറസ്റ്റിലായ അമ്പിളിയും പ്രദീപ് ചന്ദ്രനും നാഗർകോവിൽ ജില്ലാ ജയിലിലാണ്. സുനിൽകുമാറിനെ കൂടി പിടിച്ചാൽ മാത്രമേ കൊലപാതത്തിന്റെ പൂർണവിവരം അറിയാൻ പറ്റൂ. നിലവിൽ പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. സുനിൽകുമാറിനെ കൂടി അറസ്റ്റ് ചെയ്തശേഷം മാത്രമേ അറസ്റ്റിലായ രണ്ടുപ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുള്ളൂ. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ കൊലപാതകത്തിന്റെ സത്യമറിയാൻ കഴിയൂ. സുനിൽകുമാറിന്റെ ഫോട്ടോ മാദ്ധ്യമങ്ങളിൽ വയറലായതിനെ തുടർന്നാണ് പ്രതി ഒളിവിൽ പോയതെന്നാണ് പൊലീസ് പറയുന്നത്.

സുനിൽ അമ്പിളിയുടെ ആരാധകൻ

രണ്ടാംപ്രതി സുനിൽകുമാർ അമ്പിളിയുടെ ആരാധകനാണ്.ആ രീതിയിലായിരുന്നു ഇവർ തമ്മിലുള്ള ബന്ധം. ഒരുമിച്ചിരുന്നുള്ള മദ്യാപനവും സഞ്ചാരവുമെല്ലാമുണ്ട്. സുനിൽകുമാറിന്റെ ജ്യേഷ്ഠന്റെ സുഹൃത്താണ് അമ്പിളി. സുനിൽകുമാറിന് സാമ്പത്തികമുള്ളതിനാൽ 10ലക്ഷം രൂപയ്ക്കുവേണ്ടി ദീപുവിനെ കൊലപ്പെടുത്താൻ ശ്രമിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് വേറെ എന്തോ കാരണമുള്ളതായി പൊലീസ് സംശയിക്കുന്നു. സുനിലിന് ധാരാളം സുഹൃത്ത് ബന്ധങ്ങളുള്ളതായും ഇടയ്ക്കിടയ്ക്ക് ഇവരുമായി വിനോദസഞ്ചാരത്തിന് പോകാറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദീപു 3.85 കോടി രൂപയുടെ

ഇൻഷ്വറൻസ് എടുത്തെന്ന്

കൊല്ലപ്പെട്ട ദീപു മാസങ്ങൾക്ക് മുൻപ് 3.85 കോടിയോളം രൂപയുടെ ഇൻഷ്വറൻസ് എടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയതായാണ് സൂചന.ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ്. ഇതിന് വേണ്ടിയാണോ കൊല എന്നതടക്കമുള്ള കാര്യങ്ങൾ ഇൻഷ്വറൻസ് വിവരം ലഭിച്ചാൽ സ്ഥിരീകരിക്കാനാകും.

വേദനയറിയാതെ ഒരാളെ കൊല്ലാൻ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അമ്പിളി പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണമാണ് ദീപുവിനെ കൊലപ്പെടുത്താൻ അമ്പിളി തയാറാക്കിയതെന്ന് വ്യക്തമാണ്. തന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാൻ മാസങ്ങൾക്കു മുൻപ് ചിലർ സമീപിച്ചിരുന്നതായി തമിഴ്നാട് പൊലീസിന് അമ്പിളി മൊഴി നൽകിയതായി സൂചനയുണ്ട്.

പ്രദീപ്‌ചന്ദ്രൻ കൊടും ക്രിമിനൽ

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രദീപ് ചന്ദ്രൻ വർഷങ്ങൾക്കു മുൻപ് ഭാര്യയെയും മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ഇതിൽ ജാമ്യം ലഭിച്ചെന്നാണ് സൂചന. മറ്റ് കേസുകളും പ്രദീപ് ചന്ദ്രനുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

Advertisement
Advertisement