ഇന്ത്യയുടെ സഹിഷ്‌ണുത തകർക്കാൻ പറ്റില്ല

Sunday 30 June 2024 1:37 AM IST

ലോകത്ത് ഏറ്റവും കൂടുതൽ മതസഹിഷ്‌ണുത പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും നൂറ്റാണ്ടുകളോളം ഇവിടെ മുഗളന്മാർ ഭരിച്ചിട്ടുണ്ട്. രണ്ട് നൂറ്റാണ്ടിലധികം ബ്രിട്ടീഷുകാരും ഭരിച്ചു. എന്നിട്ടും ഇന്ത്യയുടെ മതസഹിഷ്‌ണുത തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ളിങ്ങൾ താമസിക്കുന്ന രാജ്യങ്ങളിൽ ഒന്നുകൂടിയാണ് ഇന്ത്യ. കൂടാതെ വിവിധ മതവിശ്വാസങ്ങൾ പുലർത്തുന്ന ഒട്ടേറെ വിഭാഗങ്ങൾ ഇന്ത്യയിൽ കഴിയുന്നുണ്ട്. സിക്കുകാരും പാഴ്‌സികളും ജൈനരും ബുദ്ധമതവിശ്വാസികളും ക്രിസ്‌ത്യൻ മതവിശ്വാസികളും മറ്റും അതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ കഴിയുന്ന ഏതൊരു മതവിശ്വാസിയായ പൗരനും തുല്യ അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയാണ് നമുക്കുള്ളത്. മറ്റ് പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങളുടെ അവസ്ഥ പലപ്പോഴും പരിതാപകരമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലാ രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. അതുപോലെ ഇന്ത്യയിലും സംഭവിക്കാറുണ്ട്. അതിന്റെ പേരിൽ ഹിന്ദുക്കൾ ഒഴികെയുള്ള മറ്റ് മതങ്ങളെ ഭരണകൂടം അടിച്ചമർത്തുന്നു എന്ന് ആർക്കും വ്യാഖ്യാനിക്കാനാവില്ല. ശ്രീലങ്കയിൽ തമിഴ് വംശജർ ഇപ്പോഴും രണ്ടാംകിട പൗരന്മാരായാണ് കഴിയുന്നത്. പാകിസ്ഥാനിലെ ഹിന്ദുക്കളുടെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യയിൽ അതല്ല സ്ഥിതി. ആര് ഭരിച്ചാലും സമാധാനത്തിലും സഹവർത്തിത്വത്തിലും വിശ്വസിക്കുന്ന ജനങ്ങളെ ആകമാനം മതത്തിന്റെ പേരിൽ മാത്രം വേർതിരിക്കാൻ ആർക്കും കഴിയില്ല. നൂറ്റാണ്ടുകളായി വികസിച്ചുവന്ന അതിശക്തമായ സാമൂഹ്യ ഘടന മറ്റ് മതങ്ങളെയും ഉൾക്കൊള്ളുക എന്നതിൽ അധിഷ്ഠിതമാണ്. മതത്തിന്റെ പേരിലുള്ള ജനാധിപത്യപരമായ സംഘടനകളും ഈ രാജ്യത്ത് സ്വതന്ത്ര‌മായി പ്രവർത്തിക്കുന്നുണ്ട്. താത്‌കാലിക നേട്ടങ്ങൾക്ക് വേണ്ടി ചില രാഷ്ട്രീയ കക്ഷികൾ വർഗീയമായ ചേരിതിരിവിന് ശ്രമിക്കാറുണ്ടെങ്കിലും അതൊക്കെ വെള്ളത്തിലെ കുമിളകൾ പോലെ കാലപ്രവാഹത്തിൽ പൊട്ടിപ്പോകുന്നതാണ് ഇന്ത്യയുടെ അനുഭവം. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരുപോലെ അഭിപ്രായ സ്വാതന്ത്ര്യ‌‌ത്തിന് അവകാശമുള്ള നാടാണ് നമ്മുടേത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയും മറ്റൊന്നല്ല. ഇന്ത്യയുടെ അയൽ രാജ്യമായ ചൈനയിൽ അതല്ല സ്ഥിതിയെന്ന് എല്ലാവർക്കുമറിയാം. ഇതൊക്കെയാണ് വസ്തുതകളെങ്കിലും ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ട് ഹിന്ദുക്കൾ ഒഴികെയുള്ള മറ്റ് ന്യൂനപക്ഷ മതസ്ഥരെ അടിച്ചമർത്തുന്ന ഏകാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന മട്ടിലുള്ള നുണപ്രചാരണം ചില ബാഹ്യശക്തികളും രാജ്യങ്ങളും നടത്താറുണ്ട്. അതിന്റെ ഭാഗമായി വേണം ഇന്ത്യയ്ക്കെതിരെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കൻ നടത്തിയ വിമർശനത്തെയും കാണേണ്ടത്. അമേരിക്കയിലെ ആഭ്യന്തര വകുപ്പിന്റെ ഒരു റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യയിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്നതും വർദ്ധിച്ചുവരുന്നതായി ബ്ളിങ്കൻ പറഞ്ഞത്. അമേരിക്കയിലും കറുത്ത വംശജർക്കെതിരെ ഒറ്റപ്പെട്ട ക്രൂരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ പേരിൽ അമേരിക്കൻ ഭരണത്തെ ഒട്ടാകെ വിമർശിക്കുന്ന ഒരു നടപടി ഇന്ത്യയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ആ മാന്യതയെങ്കിലും തിരികെ കാണിക്കാൻ അമേരിക്ക ശ്രദ്ധപുലർത്തേണ്ടതായിരുന്നു. ഇന്ത്യയിലെ മതസ്വാതന്ത്ര്യ‌ം സംബന്ധിച്ച് അമേരിക്കൻ ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ പക്ഷപാതപരമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചിട്ടുണ്ട്. വോട്ട് ബാങ്ക് പരിഗണനകളും മുൻവിധിയോടുകൂടിയുളള കാഴ്ചപ്പാടുകളുമാണ് റിപ്പോർട്ടിലെ തെറ്റായ കണ്ടെത്തലുകൾക്ക് ആധാരമെന്നാണ് ഇന്ത്യ വിശദീകരിച്ചത്. തെറ്റിദ്ധാരണാജനകമായ കണ്ടെത്തലുകൾ, ആരോപണങ്ങൾ, വസ്‌തുതകളുടെ ഏകപക്ഷീയമായ തെരഞ്ഞെടുക്കൽ, പക്ഷപാതപരമായ സ്രോതസുകളെ ആശ്രയിക്കൽ, സംഭവങ്ങളുടെ ഏകപക്ഷീയമായ അവതരണം എന്നിവയുടെ മിശ്രണമാണ് പ്രസ്തുത റിപ്പോർട്ട് എന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്. ഇടയ്ക്കിടെ ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതുകൊണ്ടൊന്നും തകരുന്നതല്ല ഇന്ത്യയുടെ മതസൗഹാർദ്ദവും സഹിഷ്ണുതയുമെന്ന് അമേരിക്ക തിരിച്ചറിയണം. മാത്രമല്ല ഇത് രാജ്യത്തെ ഭരണഘടനാ വ്യവസ്ഥകളെയും കോടതി വിധികളെ പോലും ചോദ്യം ചെയ്യുന്നതാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അത്തരം തലയിടലുകൾ അനുവദിച്ചുകൊടുക്കാൻ കഴിയുന്നതല്ല.

Advertisement
Advertisement