തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ്: വാർ റൂം ഒരുക്കാൻ കോൺഗ്രസ്

Sunday 30 June 2024 2:14 AM IST

തിരുവനന്തപുരം: തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുൻനിറുത്തി വാർറൂം സംവിധാനം വീണ്ടും സജ്ജമാക്കാൻ സംസ്ഥാന കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന് പുറമേ ദേശീയതലത്തിലും വാർറൂം സംവിധാനം ഗുണം ചെയ്‌തെന്ന വിലയിരുത്തലിനെ തുടർന്നാണിത്. എ.ഐ.സി.സിയുടെ മാതൃകയിലാവും വാർറൂം പ്രവർത്തിക്കുക.

ബൂത്തുതല പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവർത്തകരുടെ ഡേറ്റയും കാലങ്ങളായി പാർട്ടി പ്രവർത്തന രംഗത്തുള്ളവരുടെയും തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുടെയും ഫോൺ നമ്പരുകളടക്കം ശേഖരിക്കും. കീഴ്ഘടകങ്ങളിലെ പ്രവർത്തനം കൃത്യമായി വാർറൂമിലൂടെ വിലയിരുത്താനാണിത്. പ്രവർത്തകരുടെ പരാതികളും നിർദ്ദേശങ്ങളും അറിയാനും ഈ സംവിധാനം ഉപയോഗപ്പെടുത്തും. ജില്ലാതലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

സംഘടനാ പ്രവർത്തനത്തിന്റെ പോരായ്മകൾ പരിഹരിക്കുക, സമൂഹമാദ്ധ്യമ ഇടപെടലുകൾ ഏകോപിപ്പിക്കുക, വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 70ശതമാനം തദ്ദേശസ്ഥാപനങ്ങളിൽ വിജയിച്ചാലേ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാനാവൂയെന്ന വിലയിരുത്തലാണ് തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന കെ.പി.സി.സി യോഗത്തിലുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ താഴേത്തട്ടിലെ പ്രവർത്തകരെ എല്ലാ തരത്തിലും ഊർജസ്വലരാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

രഹസ്യ സ്വഭാവം ചോരാതിരിക്കാൻ ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തിയായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വാർ റൂം സജ്ജീകരിച്ചിരുന്നത്. അതിനാൽ ഈ സംവിധാനത്തിൽ ഉൾപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെട്ടിരുന്നു.

Advertisement
Advertisement