ചെറുതെങ്കിലും ചില്ലറക്കാരല്ല !  ഇന്ന് ലോക ഛിന്നഗ്രഹ ദിനം

Sunday 30 June 2024 7:38 AM IST

ന്യൂയോർക്ക് : ഇന്ന് ലോക ഛിന്നഗ്രഹ ദിനം. സൂര്യനെ ഭ്രമണം ചെയ്യുന്ന പാറക്കെട്ട് പോലെയുള്ള വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടെയാണ് ഇവ കൂടുതലായും ഉള്ളത്. ചെറിയ കല്ലിന്റെ വലിപ്പം മുതൽ 600 മൈൽ വ്യാസമുള്ള ഭീമൻ ഛിന്നഗ്രഹങ്ങൾ വരെയുണ്ട്.

1908 ജൂൺ 30ന് സൈബീരിയയിലെ ടൂൻഗസ്ക എന്ന വിജന വനപ്രദേശത്തുണ്ടായ ഛിന്നഗ്രഹ / ഉൽക്കാ പതനത്തിന്റെ വാർഷികമാണ് ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നത്. ദിനോസറുകളെ തുടച്ച് നീക്കിയ ഛിന്നഗ്രഹ പതനം ഉൾപ്പെടെയുള്ള ചരിത്രാതീതകാലത്തെ ഉൽക്ക / ഛിന്നഗ്രഹ പതനങ്ങൾ ഒഴിച്ചാൽ മനുഷ്യർ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഭൗമാന്തരീക്ഷത്തിൽ സംഭവിച്ച ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നാണ് ടൂൻഗസ്ക ഈവന്റ്.

ടൂൻഗസ്കയിലേക്ക് ആകാശത്ത് നിന്ന് ഭീമാകാരമായ ഒരു തീഗോളം പതിച്ചു. 300 അറ്റോമിക് ബോംബുകളുടെ ശക്തിയുള്ള ആ സ്ഫോടനത്തിൽ ഏകദേശം 8 കോടിയോളം മരങ്ങൾ നശിച്ചു. സ്ഫോടനമുണ്ടാക്കിയത് ഒരു ഭീമൻ ഛിന്നഗ്രഹമോ ഉൽക്കയോ വാൽനക്ഷത്രമോ ആകാമെന്ന് കരുതുന്നു. എന്നാൽ, ഇവ പതിച്ചാൽ ഭൂമിയിൽ രൂപപ്പെടുന്ന ഭീമൻ ഗർത്തം ( ഇംപാക്ട് ക്രേറ്റർ ) ടൂൻഗസ്കയിൽ ഇല്ല.

ഒരുപക്ഷേ, ഭൗമോപരിതലത്തിൽ നിന്ന് കിലോമീറ്ററുകളോളം ഉയരത്തിൽ വച്ച് പൊട്ടിത്തെറിച്ചതാകാം ഇതിന് കാരണമെന്ന് വാദമുണ്ട്. ജനവാസമില്ലാത്തതിനാൽ ടൂൻഗസ്കയിൽ ആളപായമുണ്ടായില്ല. 1920കളുടെ അവസാനമാണ് ഗവേഷകർ ടൂൻഗസ്കയിലേക്ക് പര്യവേക്ഷണത്തിനെത്തിയത്. ഉൽക്കയുടെയോ ഛിന്നഗ്രഹത്തിന്റെയോ അവശിഷ്ടങ്ങൾ ഇവർക്ക് കണ്ടെത്താനുമായില്ല.

പല വലിപ്പത്തിലുള്ള ഏകദേശം 30,000 ഛിന്നഗ്രഹങ്ങളാണ് ഭൂമിയുടെ സമീപത്തുള്ളത്. ഇതിൽ ഒരു കിലോമീറ്ററിലേറെ വീതിയുള്ള 850ലേറെ ഛിന്നഗ്രഹങ്ങളുമുണ്ട്. നിയർ എർത്ത് ഒബ്ജക്ട്സ് എന്നാണ് ഇവ അറിയപ്പെടുന്നത്. വരുന്ന 100 വർഷത്തിനിടെ ഇവയിലൊന്നും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഗവേഷകർ പറയുന്നു. ഏകദേശം ഒരു കിലോമീറ്റർ വ്യാസമെങ്കിലുമുള്ള ഛിന്നഗ്രഹത്തിനേ ഭൂമിയിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കാനാകൂ എന്നാണ് കരുതുന്നത്.

Advertisement
Advertisement