എസ്എഫ്ഐയെ കാണാൻ മഷിയിട്ട് നോക്കേണ്ടിവരുമോ? വിദ്യാർത്ഥി സംഘടനയ്ക്ക് കാലിടറുന്നത് പാർട്ടി കോട്ടയിൽ

Sunday 30 June 2024 10:54 AM IST

കണ്ണൂർ: മുപ്പത് വർഷത്തെ എസ്.എഫ്.ഐ കുത്തക തകർത്ത് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് യൂണിയൻ യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളിലും സഖ്യം വിജയിച്ചു. ചെയർമാനായി മുഹമ്മദ് ഹിഷാം മുനീറും ജനറൽ സെക്രട്ടറിയായി ഹുസ്നുൽ മുനീറുമാണ് വിജയിച്ചത്.

ഇ.അമീൻ(വൈസ് ചെയർമാൻ)​,എസ്.സജിത(വൈസ് ചെയർപേഴ്സൻ), ഫാറാസ് ഷെരീഫ്(ജോ.സെക്രട്ടറി), ഷിബിൻ ഫവാസ് (മാഗസിൻ എഡിറ്റർ), മുഹമ്മദ് ജാസിം(ഫൈനാർട്സ് സെക്രട്ടറി), കെ.വാജിദ് (യു.യു.സി-യു.ജി), മുഹമ്മദ് റസാൽ(യു.യു.സി-പി.ജി), മുഹമ്മദ് നവാസ് (2021 ബാച്ച് റപ്രസന്റേറ്റീവ്), മുഹമ്മദ് ഫവാസ് (2022 ബാച്ച് റപ്രസന്റേറ്റീവ്) , ടി.എ.ആമിന ഫിസ (2023 ബാച്ച് റപ്രസന്റേറ്റീവ്) എന്നിവരാണ് വിജയിച്ച മറ്റ് യു.ഡി.എസ്.എഫ് പ്രതിനിധികൾ.

1993 മുതൽ എസ്.എഫ്.ഐക്ക് എതിരില്ലാത്ത ജയമായിരുന്നു മെഡിക്കൽ കോളേജിൽ. ഈ മാസം 18നാണ് യു.ഡി.എസ്.എഫ് സഖ്യം രൂപീകരിച്ച് നോമിനേഷൻ സമർപ്പിച്ചത്. സ്‌പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറിയായി എം.ആർ.ആദിത്യകൃഷ്ണനും, 2020 ബാച്ച് പ്രതിനിധിയായി അതുൽ പി.അരുണും പി.ജി.പ്രതിനിധിയായി ജി.അഖിലും എസ്.എഫ്.ഐ പാനലിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെന്ന് അവകാശവാദവുമായി എസ്എഫ്ഐ രംഗത്തെത്തി. തിരഞ്ഞെടുപ്പ് നടന്ന 56കാേളേജുകളിൽ 44 ഇടത്തും എസ്എഫ്ഐയാണ് വിജയം നേടിയത്. ചില കോളേജ് യൂണിയനുകൾ കെഎസ്‌യുവിൽ നിന്ന് പിടിച്ചെടുത്തു എന്നും സംഘടന പറയുന്നു.

Advertisement
Advertisement