അരത്വമാർന്ന സന്യാസി  

Monday 01 July 2024 12:03 AM IST

സ്വാമി ശാശ്വതികാനന്ദയുടെ പൂർവാശ്രമം 1950 ഫെബ്രുവരി 21ന് തിരുവനന്തപുരത്ത്, കുത്തുകല്ലിൻമൂട്ടിൽ കൗസല്യയുടെയും ചെല്ലപ്പന്റെയും മൂത്ത മകനായി പിറവികൊണ്ടതോടെ ആരംഭിക്കുന്നു. പരിമിതമായ സാഹചര്യത്തിൽ നിന്ന് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്രായത്തിൽ വിദ്യാലയത്തിലെയും ഗ്രന്ഥശാലയിലെയും പുസ്തകങ്ങൾ വായിച്ചുതീർത്ത ശശിധരന്റെ ജിജ്ഞാസയ്ക്ക് അതിരുകളില്ലായിരുന്നു. പതിമൂന്നാം വയസിൽ പരപ്രേരണ കൂടാതെ പരമമായ അറിവു തേടി ശിവഗിരിയിലേക്കു പുറപ്പെട്ടു.

ശിവഗിരി ഹൈസ്‌കൂളിൽ തുടർവിദ്യാഭ്യാസം നടത്തുമ്പോഴും വായനയും മിതഭാഷിത്വവും അച്ചടക്കവും സഹപാഠികളിലും അദ്ധ്യാപകരിലും മതിപ്പുളവാക്കി. ഈ കാലയളവിൽ ഗുരുദേവ കൃതികളും ഉപനിഷത്തുക്കളും ഹൃദിസ്ഥമാക്കി. ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം ശിവഗിരി എസ്.എൻ. കോളേജിൽ തുടർന്നു. ഭൗതിക മോഹങ്ങളില്ലാതിരുന്ന ആ യുവാവ് 1972-ൽ ബ്രഹ്മ വിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായി, ശശിധരനിൽ നിന്ന് ശാശ്വതികാനന്ദ സ്വാമിയിലേക്കുള്ള തീർത്ഥാടനത്തിന് വഴിതുറന്നു.

ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ഏഴു വർഷക്കാലം സംസ്കൃതത്തിൽ പ്രാവീണ്യം നേടുന്നതിനും ഭാരതീയ ദർശനവും ഗുരുദേവ ദർശനവും ആഴത്തിൽ മനസിലാക്കുവാനും വിനിയോഗിച്ചു. തുടർന്ന് അവധൂത കാലഘട്ടത്തിൽ ഭാരതത്തിലെ പലയിടത്തുമുള്ള യാത്രയ്ക്കിടയിൽ വിവിധ സന്യാസിധാരകളുമായി അടുക്കുവാനും കഴിഞ്ഞു. 1977-ൽ ശിവഗിരിയിൽ തിരിച്ചെത്തി അന്നത്തെ ധർമ്മസംഘം പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ച ശശിധരൻ ശാശ്വതികാനന്ദ സ്വാമിയായി.

ചുരുങ്ങിയ കാലം കൊണ്ട് ധർമ്മസംഘം ഡയറക്ടർ, ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സെക്രട്ടറി, 1982-ൽ ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കാലത്തു നടന്ന ശിവഗിരി തീർത്ഥാടന കനക ജൂബിലി ആഘോഷത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് കനക ജൂബിലി മാനവരാശിക്ക് മഹാസമ്പാദ്യമായി പരിലസിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തി. പുരാതന ഭാരതത്തിലെ നളന്ദ സർവകലാശാലയുടെ മാതൃകയിൽ ബൃഹത്തായ ബ്രഹ്മവിദ്യാലയവും മത മഹാപാഠശാലയും സ്വാമികൾ വിഭാവനം ചെയ്തു. 1984-ൽ സ്വാമികളെ ധർമ്മസംഘം പ്രസിഡന്റായി അവരോധിച്ചു. ഈ നിലയിൽ തുടരവേയാണ് 1988-ൽ അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷം പ്രൗഢോജ്ജ്വലമായി സംഘടിപ്പിച്ചത്.

ദക്ഷിണേന്ത്യയിൽ ശ്രീനാരായണ സന്ദേശങ്ങൾ അറിയുവാനും അറിയിക്കുവാനും പോന്ന ഒരു കാര്യക്രമമായിരുന്നു ശതാബ്ദി കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയായ സ്വാമികളുടേത്. ഗുരുദേവ സന്ദേശങ്ങളുടെ വ്യാപനത്തിന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വിശ്വസംസ്‌കാര ഭവനുകൾ സ്ഥാപിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചുവരുത്തിയതും സ്വാമികളുടെ ഇച്ഛാശക്തി തെളിയിക്കുന്നതാണ്. കർമ്മയോഗിയായ ഈ ബഹുമുഖപ്രതിഭ 2002-ൽ ജലസമാധി പ്രാപിച്ചുവെങ്കിലും സ്വാമികളുടെ മഹത്തായ സംഭാവനകൾ ചരിത്രത്തിലെ തീക്ഷ്ണ മുഹൂർത്തങ്ങളെന്ന നിലയിൽ അവിസ്മരണീയമാണ്.

Advertisement
Advertisement