ലഹരി കടത്തിയ കാർ പൊലീസ് സാഹസികമായി പിടികൂടി

Monday 01 July 2024 1:43 AM IST

വടക്കഞ്ചേരി: കഞ്ചാവും എം.ഡി.എം.എയുമായി പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാർ വടക്കഞ്ചേരി പൊലീസ് അതിസാഹസികമായി പിടികൂടി. സംഭവത്തിൽ എസ്.ഐയ്ക്ക് പരിക്ക്. കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന കാറാണ് വാണിയംപാറയിൽ വച്ച് പിടികൂടിയത്. സംഭവത്തിൽ തൃശൂർ മുള്ളൂർക്കര വാഴക്കോട് അഴീക്കൽ സ്വദേശി മുഹമ്മദ് ബഷീർ(28), ചെർപ്പുളശ്ശേരി എലിയമ്പറ്റ സ്വദേശികളായ മുഹമ്മദ് ജൗഫർ(25), സെയ്തലവി(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും 100 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഇവർ പൊലീസ് ജീപ്പ് ഇടിച്ച് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ലൈൻ ട്രാഫിക് എസ്.ഐ മോഹൻദാസിന് പരിക്കേറ്റത്.

ഇന്നലെ പകൽ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഞ്ചാവുമായി അതിർത്തി കടന്ന് കാർ എത്തുന്നുണ്ടെന്ന് വിവരത്തെ തുടർന്ന് പാടൂർ തോണി കടവിൽ വച്ചാണ് പൊലീസ് പിന്തുടർന്നത്. ഇതോടെ പ്രതികൾ അപകടകരമായ രീതിയിൽ കാർ ഓടിച്ച് പോവുകയായിരുന്നു. ബൈക്കുകളെയും മറ്റ് വാഹനങ്ങളെയും ഇടിച്ചിട്ടു. തുടർന്ന് നാട്ടുകാരും പൊലീസിനൊപ്പം പ്രതികളെ പിന്തുടരുകയായിരുന്നു. വാണിയമ്പാറ മേലേ ചുങ്കത്ത് വച്ച് മറ്റൊരു പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് തടയാൻ ശ്രമിച്ചെങ്കിലും ജീപ്പും ഇടിച്ച് തെറിപ്പിച്ചു. എന്നാൽ കാറിന്റെ ടയർപൊട്ടി നിയന്ത്രണം തെറ്റിയതാണ് പ്രതികളെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. കാർ വാടകയ്ക്ക് എടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരികടത്തുന്ന സംഘമാണ് അറസ്റ്റിലായത്. ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ജീഷ്‌മോൻ വർഗ്ഗീസ്, എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement