കേരളത്തിലെ തോൽവി: തിരുത്തലിന് മാർഗരേഖയ്ക്ക് സി.പി.എം കേന്ദ്ര നേതൃത്വം

Monday 01 July 2024 1:51 AM IST

ന്യൂഡൽഹി : കേരളത്തിലെ പരാജയത്തിന് ഭരണ വിരുദ്ധ വികാരം കാരണമായെന്ന വാദം മൂന്നു ദിവസമായി ഡൽഹിയിൽ നടന്ന സി.പി.എം കേന്ദ്രകമ്മിറ്റി തള്ളിയില്ല. തോൽവിയിൽ ആഴത്തിലുള്ള പരിശോധന നടത്തും. പരാജയ കാരണങ്ങൾ പഠിക്കും. തിരിച്ചടിക്ക് ഇടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. തിരുത്തലിനുള്ള മാർഗനിർദ്ദേശങ്ങൾ തയാറാക്കി നൽകുമെന്നാണ് സൂചന.

ഭരണ വിരുദ്ധ വികാരം അടക്കം പരിശോധിക്കാൻ സമിതി . ഭരണ,വിരുദ്ധ വികാരമെന്ന വാദത്തെ കേന്ദ്രകമ്മിറ്റിയിൽ തള്ളിപ്പറയാൻ കേരളത്തിലെ പല മുതി‌ർന്ന നേതാക്കളും തയ്യാറായില്ലെന്നാണ് സൂചന. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്രനേതാക്കളും പങ്കെടുക്കും. മൂന്നു ദിവസമായി നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ഇന്നലെ സമാപിച്ചു.

സാമുദായിക എതിർപ്പ് മാത്രമല്ല കാരണം

അടിസ്ഥാന വിഭാഗങ്ങൾക്കിടയിലെ വോട്ടു ചോർന്നത് കേരളത്തിലെ തോൽവിക്ക് കാരണമായതെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. മത സാമുദായിക സംഘടനകളുടെ എതിർപ്പ് മാത്രമല്ല ,പരാജയത്തിന് വിവിധ കാരണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തിരികെ പിടിച്ചാൽ ജനം പാ‌ർട്ടിയിലേക്ക് മടങ്ങിവരും. ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രചാരണം നടത്തണം. . അവരെ കേൾക്കണം.

ബി.ജെ.പിയുടെ വളർച്ച പരിശോധിക്കും

കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയും വോട്ട് വിഹിതത്തിലെ വർദ്ധനയും സി.പി.എം പരിശോധിക്കും. . തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം തടയാൻ കഴിയാത്തതും ചർച്ചയായി. കേരളത്തിൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിലെ ചോർച്ചയെ അതീവഗൗരവമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് കേരളത്തിൽ തിരിച്ചടിയായെന്ന സംസ്ഥാന ഘടകത്തിന്റെ വാദത്തിന് യോഗത്തിൽ സ്വീകാര്യത ലഭിച്ചില്ല. പാർട്ടിയുടെ ബംഗാൾ ഘടകം കോൺഗ്രസ് സഖ്യത്തെ ന്യായീകരിക്കുകയും ചെയ്‌തു.

Advertisement
Advertisement