ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഒന്നരക്കോടി തട്ടിയ പ്രതി പിടിയിൽ

Monday 01 July 2024 1:31 AM IST

നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. തൊളിക്കോട് വേങ്കക്കുന്ന് മുരുക വിലാസത്തിൽ ജി. മുരുകൻ(55)​ ആണ് പിടിയിലായത്. നെടുമങ്ങാട് ബാറിലെത്തിയ പ്രതിയെ തട്ടിപ്പിന് ഇരയായ വ്യക്തി പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളെ വലിയമല പൊലീസിന് കൈമാറി.

കരാർ വ്യവസ്ഥയിൽ വലിയമല ഐ.എസ്.ആർ.ഒയിൽ ജോലിവാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് മുരുകൻ പണം വാങ്ങിയതെന്ന് കാണിച്ച് തട്ടിപ്പിനിരയായ അഞ്ചോളം യുവാക്കൾ വലിയമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പൊലീസ് പറയുന്നത്: കൊവിഡ് കാലത്ത് പലരിൽ നിന്നും പലപ്പോഴായാണ് ഇയാൾ പണം കൈപ്പറ്റിയത്. പണം നൽകിയവർ ജോലിയെക്കുറിച്ച് തിരക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഇവരെ മടക്കി അയയ്ക്കാറാണ് പതിവ്. തുടർന്ന് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് യുവാക്കൾ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

കാട്ടാക്കട അമ്പൂരിയിലെ രത്നകുമാർ, ലതിക എന്നിവരിൽ നിന്നും രണ്ടര ലക്ഷവും നെടുമങ്ങാട് ലക്ഷ്മിപ്രിയ, രാജേഷ്. എസ്, വിനോദ്. പി.എൽ, രാജ്, ശശികല. സി, വിവേക് കുമാർ, അരുൺ കുമാർ, ഗംഗ, പൂർണിമ, ഉമാദേവി, ആതിര, രാഹുൽ എന്നിവരിൽ നിന്നും 40 ലക്ഷം,​ നിതയിൽ നിന്ന് 18 ലക്ഷം,​ ആനാട് ലതയിൽ നിന്ന് 15 ലക്ഷം,​ വിളപ്പിൽശാലയിലുള്ള ബിബിറ്റോ, മെർലിൻ ജോസ്, ഷിബു എന്നിവരിനിന്നും 42 ലക്ഷം,​ നെടുമങ്ങാട് ആതിര, വലിയവിള ശ്രീജിത്ത്, ചിറയിൻകീഴ് ശിവപാൽ, നെടുമങ്ങാട് ഗണേഷ്, ദിവ്യ എന്നിവരിനിന്ന് 9 ലക്ഷം ആറ്റിങ്ങൽ രോഹിണി, രേവതി എന്നിവരിൽനിന്നും 9 ലക്ഷം, കൊല്ലംങ്കാവ് ശ്രീനയിൽ നിന്നും 3 ലക്ഷം, നെടുമങ്ങാട് വിവേകിൽ നിന്ന് രണ്ട് ലക്ഷം, ചുള്ളിമാനൂർ തനൂജയിൽ നിന്നും രണ്ട് ലക്ഷം എന്നിങ്ങനെയാണ് പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് പുറത്തായതോടെ പല സ്ഥലങ്ങളിൽ നിന്നായ നിരവധി പേർ പരാതിയുമായി എത്തുന്നുണ്ടെന്നും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വലിയമല പൊലീസ് പറഞ്ഞു.

Advertisement
Advertisement