രാഹുലും മോദിയും നേർക്കുനേർ;  ലോ‌ക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം,​ മാപ്പ് പറയണമെന്ന് അമിത് ഷാ

Monday 01 July 2024 3:09 PM IST

ന്യൂഡൽഹി: ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്. ഹിന്ദുവിന്റെ പേരിൽ അക്രമം നടക്കുന്നു എന്ന് രാഹുൽ സഭയിൽ പറഞ്ഞു. ഇതിന് പിന്നാലെ ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കൂടാതെ ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്ന് പറഞ്ഞ രാഹുൽ ദെെവവുമായി പ്രധാനമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണ് മോദി പറഞ്ഞത്. ഇതിനെക്കാൾ വലിയ അജ്‌തയുണ്ടോയെന്നും രാഹുൽ ചോദിച്ചു.

ലോക്‌സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തികാട്ടിയാണ് രാഹുൽ പ്രസംഗിച്ചത്. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ശിവന്റെ ചിത്രം ഉയർത്തിയത് സ്‌പീക്കർ എതിർത്തു. ഗുരു നാനക്കിന്റെയും ചിത്രം രാഹുൽ ഉയർത്തിയിരുന്നു. 'ഇന്ത്യ' എന്ന ആശയത്തെ ആക്രമിക്കുന്നുവെന്നും രാഹുൽ ലോക്‌സഭയിൽ പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം,​ അഭയമുദ്രയെ കുറിച്ച് പറയാൻ രാഹുലിന് അവകാശമില്ലെന്നും അദ്ദേഹം മാപ്പ് പറയണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പറഞ്ഞു.രാഹുൽ ലോക്‌സഭാ ചട്ടം അനുസരിച്ച് സംസാരിക്കണമെന്നും സ‌്പീ‌ക്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാഹുലിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ ഉൾപ്പെടെ ആവർത്തിച്ച് ഇടപ്പെട്ടു.

Advertisement
Advertisement