ജൂൺ 30 വരെയുള്ള കേസുകൾ തീർപ്പാക്കുക പഴയ നിയമപ്രകാരം

Tuesday 02 July 2024 1:26 AM IST

കൊച്ചി: രാജ്യത്ത് പ്രാബല്യത്തിലായ പുതിയ ക്രിമിനൽ നിയമപ്രകാരം സംസ്ഥാനത്ത് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയെങ്കിലും കോടതികളിൽ വരുംദിനങ്ങളിലേ ഈ കേസുകളിൽ വാദം ആരംഭിക്കൂ. അതേസമയം, ഇന്നലെ പിടിയിലായ പ്രതികളുടെ റിമാൻഡ് നടപടികൾ പുതിയ നിയമപ്രകാരമായിരുന്നു. ക്രിമിനൽ കേസുകളിൽ വിചാരണക്കോടതി ഉത്തരവുകൾക്കെതിരായ അപ്പീലുകളാണ് സാധാരണഗതിയിൽ ഹൈക്കോടതിയിൽ എത്താറുള്ളത്. അതിനാൽ ബി.എൻ.എസ് പ്രകാരമുള്ള നടപടികൾക്ക് ഹൈക്കോടതിയിൽ ആഴ്ചകൾ എടുത്തേക്കും.

ജൂൺ 30വരെ എടുത്ത കേസുകൾ തീർപ്പാക്കുന്നത് പഴയ നിയമപ്രകാരമായിരിക്കും. എന്നാൽ ഇവയിൽ തുടരന്വേഷണമോ കൂടുതൽ തെളിവുശേഖരണമോ വേണ്ടിവന്നാൽ അന്വേഷണ ഏജൻസികൾക്ക് പുതിയ നിയമം അവലംബിക്കേണ്ടിവരും. ഇത് കക്ഷികളുമായി നിയമതർക്കങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ച് ന്യായാധിപന്മാർക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിട്ടുണ്ട്.

നിയമ പുസ്തകങ്ങൾക്ക് ചെലവേറി

പുതിയ ക്രിമിനൽ നിയമങ്ങളടങ്ങിയ പുസ്തകങ്ങൾക്ക് ആവശ്യക്കാരേറി. ലാ ബുക്സ്റ്റാളുകളിലും ഓൺലൈനിലും മാസങ്ങൾക്ക് മുമ്പേ ഇവ ലഭ്യമായിരുന്നു. നിയമവിദ്യാർത്ഥികളും അഭിഭാഷകരും പൊലീസ് യൂണിറ്റുകളും വാങ്ങുന്നുണ്ടെന്ന് തിരുവനന്തപുരം നീതി ബുക്ക് ഹൗസിലെ സതീഷ് പറഞ്ഞു. ഭാരതീയ ന്യായസംഹിത, നാഗരിക് സുരക്ഷ സംഹിത, സാക്ഷ്യ അധിനിയമം എന്നിവയുടെ ഒറ്റ വാല്യം ബുക്ക് സ്റ്റാളുകളിൽ 425 രൂപ മുതൽ ലഭ്യമാണ്. ഓരോന്നും പ്രത്യേകം വാങ്ങണമെങ്കിൽ 400 രൂപവരെ നൽകണം. സംസ്ഥാനത്തെ മിക്ക ലാ കോളേജുകളും പുതിയ ക്രിമിനൽ നിയമങ്ങൾ പഠിപ്പിച്ചുതുടങ്ങി.

Advertisement
Advertisement