ഫ്രഞ്ച് പാർലമെന്റ് തിര.: മാക്രോണിന് തിരിച്ചടി,​ ആദ്യ റൗണ്ടിൽ തീവ്ര വലതുപക്ഷം മുന്നിൽ

Tuesday 02 July 2024 7:34 AM IST

പാരീസ്: ഫ്രാൻസിൽ പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലേക്ക് നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ 33.15 ശതമാനം വോട്ടുമായി (39 സീറ്റ്) തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിക്ക് മുന്നേറ്റം.

ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് 27.99 ശതമാനവുമായി (32 സീറ്റ്) രണ്ടാമതെത്തിയപ്പോൾ 20.76 ശതമാനം (2 സീറ്റ്) വോട്ടുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ റെനെയ്സൻസ് പാർട്ടിയുടെ നേതൃത്വത്തിലെ ലിബറൽ സഖ്യം (എൻസെംബിൾ) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 76 എം.പിമാരാണ് ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടത്.

577 അംഗ പാർലമെന്റിൽ 289 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. മാക്രോണിന്റെ എതിരാളി മരീൻ ലെ പെന്നിന്റെ നേതൃത്വത്തിലെ നാഷണൽ റാലി കൂടുതൽ സീറ്റുകൾ നേടുമെങ്കിലും ഭൂരിപക്ഷം തികയ്ക്കില്ലെന്നും തൂക്കു സഭയിലേക്ക് നയിക്കുമെന്നുമാണ് പ്രവചനം.

ഈ മാസം നടക്കുന്ന രണ്ടാം റൗണ്ട് വോട്ടോടെ തിരഞ്ഞെടുപ്പ് പൂർത്തിയാകും. നാഷണൽ റാലി ചുരുങ്ങിയത് 230 സീറ്റുകളെങ്കിലും നേടുമെന്നാണ് സർവേ ഫലം. നിലവിൽ 89 സീറ്റുകളാണ് നാഷണൽ റാലിയ്ക്കുള്ളത്. 249 സീറ്റുകളുള്ള മാക്രോണിന്റെ സഖ്യം നൂറിലേക്ക് ചുരുങ്ങിയേക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം 2017 മുതൽ പ്രസിഡന്റായി തുടരുന്ന മാക്രോണിനെ ബാധിക്കില്ല.

എന്നാൽ, പ്രധാനമന്ത്രി പദം പ്രതിപക്ഷ പാർട്ടികൾക്ക് ലഭിക്കുന്നത് മാക്രോണിനെ സമ്മർദ്ദത്തിലാക്കും. ആര് അധികാരത്തിലെത്തിയാലും രാജിവയ്ക്കില്ലെന്നാണ് മാക്രോണിന്റെ നിലപാട്. 2027 ഏപ്രിലിലാണ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. രണ്ട് ടേം പൂർത്തിയാക്കുന്നതിനാൽ മാക്രോണിന് വീണ്ടും മത്സരിക്കാനാകില്ല. നാഷണൽ റാലി വ്യക്തമായ ആധിപത്യം സ്ഥാപിച്ചാൽ പാർട്ടിയുടെ ഉപനേതാവ് ജോർഡൻ ബാർഡെല്ല (28) അടുത്ത പ്രധാനമന്ത്രിയായേക്കും.

Advertisement
Advertisement