എ.കെ.ജി സെന്റർ ആക്രമണം : യൂത്ത് കോൺ. നേതാവ് ഡൽഹിയിൽ പിടിയിൽ

Wednesday 03 July 2024 1:41 AM IST

തിരുവനന്തപുരം; എ.കെ.ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ പിടിയിൽ. വിദേശത്തായിരുന്ന സുഹൈൽ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ പിടിലായത്.

ആക്രമണത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.കെ.പി.സിസി പ്രസിഡന്റ് കെ.സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്

പറഞ്ഞു.

2022 ജൂലായ് ഒന്നിന് രാത്രി 11.25നാണ് എ.കെ.ജി സെന്റർ ആക്രമണം നടന്നത്. എ.കെ.ജി ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിയുകയായിരുന്നു. കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിലെത്തിയ ഒരാളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സി.സിടി.വി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തു എറിഞ്ഞതിനു ശേഷം വേഗത്തിൽ സ്‌കൂട്ടർ ഓടിച്ചു പോയി .നാലു പ്രതികളുള്ള കേസിൽ ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, ടി. നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയും ആക്രമണത്തിന് പ്രതിയുമായെത്തിയ സ്കൂട്ടറിന്റെ ഉടമയുമായ സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.മതിലിന്റെ കരിങ്കൽഭിത്തിയിൽ സ്ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോൾ മുതിർന്ന നേതാവ് പി.കെ.ശ്രീമതി ഓഫിസിന് അകത്തുണ്ടായിരുന്നു.

Advertisement
Advertisement