 പൊതുസ്ഥലത്തെ പുകവലി 5 മാസം, 'പുക'പ്പിഴ 42.4 ലക്ഷം രൂപ

Monday 15 July 2024 12:56 AM IST

കൊച്ചി: പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും 'പുകവലിക്കാർ' ഖജനാവിലേക്ക് നൽകുന്ന 'സംഭാവനയ്ക്ക്' കുറവില്ല ! അഞ്ച് മാസത്തിനിടെ 23,886 പേർക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. പിഴ 42.4 ലക്ഷം രൂപ. സ്‌കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിറ്റ കേസിൽ 58 പേരും പിടിയിലായി. ഇവരിൽ നിന്ന് 1,07,300 രൂപ പിഴയീടാക്കി. പൊലീസ് നിരീക്ഷണം കുറഞ്ഞ സ്ഥലങ്ങളിലടക്കം നിരോധനം ലംഘിച്ചും പുകവലി നിർബാധം തുടരുകയാണ്. പുകവലിക്കാരുടെ എണ്ണത്തിൽ താരതമ്യേനെ കുറവുവന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 12.7 ശതമാനം പേർ മാത്രമാണ് കേരളത്തിലെ പുകവലിക്കാ‌‌ർ. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ അഡൽട്ട് ടുബാകോ സർവേ രണ്ടിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

 കേരളം മൂന്നാമത്

രാജ്യത്ത് പുകവലിക്കാരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഗോവയ്ക്കാണ് ഒന്നാം സ്ഥാനം. 9.7 ശതമാനം. തൊട്ടുപിന്നിൽ പുതുച്ചേരി. 11.2 ശതമാനം. പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, തെലങ്കാന, ഡൽഹി എന്നിവയാണ് യഥാക്രമമുള്ള മറ്റ് സംസ്ഥാനങ്ങൾ

 ഇപ്പോൾ 1000
സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രൊഡക്ട് ആക്ട് വകുപ്പ് 4 പ്രകാരം(സി.ഒ.ടി.പി.എ) 2,000 രൂപ വരെ പിഴ ചുമത്താമെങ്കിലും സംസ്ഥാനത്ത് ഇന്നും 200 രൂപയാണ് ഈടാക്കുന്നത്. നേരത്ത ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 290 പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. 200 രൂപയായിരുന്നു പിഴ. നിലവിൽ ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് 292 പ്രകാരം 1,000 രൂപ വരെ പിഴ ഈടാക്കാം.

 മാസം - പിഴത്തുക

ജനുവരി - 9,58,600
ഫെബ്രുവരി -9,24,100
മാർച്ച് -7,84,600
ഏപ്രിൽ - 7,49,200
മേയ് -8,27,400

Advertisement
Advertisement