നഗരത്തിലുമുണ്ട് 'ആമയിഴഞ്ചാൻ' തോടുകൾ

Monday 15 July 2024 6:45 PM IST

കോട്ടയം: തലസ്ഥാനത്തേതിന്റെ അത്രയുമില്ലെങ്കിലും ഏത് സമയവും അപകടമൊരുക്കി നഗര ഹൃദയത്തിലുമുണ്ട് ചെറിയ 'ആമയിഴഞ്ചാൻ' തോടുകൾ.

മാലിന്യം തിങ്ങി കൊതുകും കൂത്താടിയുമായി നിറഞ്ഞു നിൽക്കുന്ന ഈ തോടുകളിലെ വെള്ളം മീനച്ചിലാറിന്റെ ഹൃദയത്തിലേക്കാണ് പതിക്കുന്നത്. ചെളിയും മാലിന്യവും മൂലം ശുചീകരണത്തിന് ഇറങ്ങിയാൽ വൻ അപകടമാണ് ഇവിടെയും പതിയിരിക്കുന്നത്.

കുര്യൻ ഉതുപ്പ് റോഡരികിലെ തോടും ചന്തക്കടവ് തോടും ഉൾപ്പെടെയുള്ള ഉദാഹരണങ്ങളുണ്ട്. കൊതുകും കൂത്താടിയും മാലിന്യവും പായലും ചെളിയും നിറഞ്ഞ തോടുകൾ വൃത്തിയാക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. വീട്ടുമാലിന്യമുൾപ്പടെ പ്ളാസ്റ്റിക് കവറിലാക്കി തള്ളുന്നത് പതിവാണ്. നഗരത്തിൽ നിന്നുള്ള മാലിന്യ വെള്ളം പല ഓടകളിലൂടെയും തോടുകളിലൂടെയും മീനച്ചിലാറ്റിലും കൊടൂരാറ്റിലുമാണ് പതിക്കുന്നത്.

നഗരത്തിന്റെ വടക്കു ഭാഗത്തു നിന്നുള്ള മലിന ജലം പല ഓടകളിലൂടെ എത്തി ശാസ്ത്രി റോഡിന്റെയും റെയിൽവേ ട്രാക്കിന്റെ അടിയിലൂടെ മീനച്ചിലാറ്റിൽ എത്തും.
കുര്യൻ ഉതുപ്പ് റോഡിലൂടെ സഞ്ചരിക്കുന്നവരാണ് ദുർഗന്ധം സഹിക്കേണ്ടത്. ഇവിടെയുള്ള തട്ടുകടകളിൽ ഉൾപ്പെടെ വരുന്നവരും മൂക്കുപൊത്തിവേണം ഭക്ഷണം കഴിക്കാൻ. ഇതേ മാലിന്യ തോട്ടിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്ന വിരുതൻമാരുമുണ്ട്.

തെക്കുഭാഗത്തെ മാലിന്യങ്ങൾ ഏറെയുമെത്തുന്നത് ചന്തക്കടവ് തോട്ടിലേക്കാണ്. മാലിന്യം നിറഞ്ഞ് കരി നിറത്തിലാണ് ഒഴുക്ക്. അടുത്തിടെ, തോട് ശുചിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾ പലർക്കും ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു. നഗരത്തിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങൾക്കൊപ്പം ഇറച്ചി, മീൻ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നത് ഇവിടേക്ക് തന്നെ.

ബോട്ടു ജെട്ടിഭാഗവും മാലിന്യമയം
കച്ചേരിക്കട് ബോട്ട് ജെട്ടി ഭാഗത്തേക്കും മലിന ജലം ഒഴുകിയെത്തുന്നുണ്ട്. നഗരസഭയുടെ മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലാത്തത് സ്ഥിതി ഗുരുതരമാക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. എത്ര ബോധവത്കരിച്ചാലും ഫ്ളാറ്റുകളിൽ താമസിക്കുന്നവർ പോലും തോട്ടിലേക്കും വഴിയിലേക്കും മാലിന്യം തള്ളുന്ന പ്രവണതയും നഗത്തിലുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

Advertisement
Advertisement