99-ലെ വെള്ളപ്പൊക്കത്തിന് 100 വയസ് : നൂറ്റാണ്ടിന്റെ പ്രളയകാലം

Monday 15 July 2024 2:00 AM IST

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന് മലയാളികൾ പറയുന്ന മഹാപ്രളയത്തിന് ഇന്ന് നൂറ്രാണ്ട് തികയുകയാണ്. 1924 ജൂലായ് 15-ന് തുടങ്ങി,​ 25 വരെ തോരാതെ പെയ്ത പത്തുദിവസത്തെ പെരുമഴക്കാലം! ഭ്രാന്തുപിടിച്ചതു പോലെ മഴ പെയ്തുകൊണ്ടേയിരുന്നു. ന്യൂനമർദ്ദമെന്നോ മേഘവിസ്ഫോടനമെന്നോ കാരണം പറയാൻ കാലാവസ്ഥാ പ്രവചനക്കാർ അന്നുണ്ടായിരുന്നില്ല. ഭരണകൂടത്തെ വിമർശിക്കുവാൻ അന്നൊരു പ്രതിപക്ഷവുമുണ്ടായില്ല. വയലുകളുടെ ദുരുപയോഗത്തെ വിമർശിക്കുന്ന പരിസ്ഥിതിവാദികളും ഉണ്ടായിരുന്നില്ല. ഈശ്വരകോപം!- അതായിരുന്നു പലരുടെയും വിശ്വാസം. 3368 മില്ലി മീറ്റർ മഴയാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചതെന്ന വിശദീകരണം ഔദ്യോഗിക പക്ഷത്തു നിന്നുണ്ടായി.

കൊല്ലം, കുട്ടനാട്, എറണാകുളം, പറവൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, തിരുവല്ല, ആലുവ, ഇടപ്പള്ളി, ചേന്ദമംഗലം, കൊടുങ്ങല്ലൂർ, ചാവക്കാട്, ഷൊർണ്ണൂർ, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അതിരൂക്ഷമായ

പ്രളയക്കെടുതികൾ. വാർത്തയറിയാൻ തീരെക്കുറച്ച് പത്രങ്ങൾ. മലവെള്ളപ്പാച്ചിലുകളിൽ നിന്ന് രക്ഷപ്പെടാൻ ഉൾനാടുകളിലുള്ളവർക്ക് വഴികളുമുണ്ടായിരുന്നില്ല. മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കിവിട്ട വെള്ളവും വടക്കൻ തിരുവിതാംകൂറിനെ വട്ടംചുറ്റിച്ചു. പ്രളയജലത്തിൽ ഒഴുകിപ്പോകന്ന ആളുകളെപ്പറ്റിയും മനുഷ്യ ജഡങ്ങളെപ്പറ്റിയുമായിരുന്നു പത്ര വാർത്തകളേറെയും.

കെടുതികളും

കരുണയും

ഔദ്യോഗിക കണക്കുകളനുസരിച്ച് ആയിരത്തോളം പേർ അന്ന് മരണമടഞ്ഞു. ദുരിതബാധിതരെ പാർപ്പിക്കാൻ സ്കൂളുകൾ വിട്ടുകൊടുക്കാൻ സർക്കാർ ഉത്തരവുണ്ടായി. സർക്കാർ സ്ഥാപനങ്ങളും മൈതാനങ്ങളും ചന്തകളും നിർഭാഗ്യവാന്മാർക്ക് താത്കാലിക വാസസ്ഥലങ്ങളായി. തിരുവനന്തപുരത്തും മദ്രാസിലുമായി രണ്ട് ഫ്ളഡ് റിലീഫ് കമ്മിറ്റികൾ രൂപീകരിച്ചു. തിരുവിതാംകൂർ മഹാരാജാവു തന്നെ 5000 രൂപ സംഭാവന നൽകി. 2450 രൂപ യോഗത്തിൽ സന്നിഹിതരായവരിൽ നിന്ന് പിരിച്ചെടുക്കാനും കഴിഞ്ഞു. മലബാറിലെ ജനങ്ങളുടെ പുനരധിവാസത്തിനായിരുന്നു മദ്രാസിൽ യോഗം ചേർന്ന റിലീഫ് കമ്മിറ്റിയുടെ ഊന്നൽ.

സിലോൺ, കെനിയ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യക്കാരിൽനിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കിട്ടി. വെള്ളപ്പൊക്ക കെടുതികളെപ്പറ്റി യംഗ് ഇന്ത്യയിലും നവജീവനിലും ഗാന്ധിജി ലേഖനങ്ങളെഴുതി. ഒരുലക്ഷത്തോളം രൂപ പിരിച്ചെടുക്കാനും കോൺഗ്രസ് പ്രവർത്തകർ വഴി അത് വിതരണം ചെയ്യാനും ഗാന്ധിജിക്കും അനുയായികൾക്കും സാധിച്ചു. എറണാകുളത്തിനും ഷൊർണൂരിനും ഇടയ്ക്കുണ്ടായിരുന്ന തീവണ്ടി ഗതാഗതം നിലച്ചതിനെപ്പറ്റിയും,​ റെയിൽ വഴിയുള്ള അഞ്ചൽ മുടങ്ങിയതിനെപ്പറ്റിയും വാർത്ത വന്നു. വടക്കോട്ട് സർക്കീട്ടുപോയിരുന്ന തിരുവിതാംകൂർ ദിവാൻ രാഘവയ്യ തൃശൂരിൽ കുടുങ്ങിക്കിടക്കുകയാണെന്നും പത്രവാർത്തയുണ്ടായിരുന്നു.

തീരത്തടിഞ്ഞ

കാട്ടുമൃഗങ്ങൾ

വെള്ളപ്പൊക്കകാലത്ത് റോഡുകളിലും പുരയിടങ്ങളിലും രണ്ടരക്കോൽ- അതായത്,​ 450 സെന്റിമീറ്റർ വെള്ളം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. പുരകളും പത്തായങ്ങളും വീട്ടുസാമാനങ്ങളും വൻവൃക്ഷങ്ങളും മാത്രമല്ല, മൃഗങ്ങളും ആറ്റരികുകളിൽ വന്നടിയുന്നതിനെപ്പറ്റിയും ലേഖകർ അറിയിച്ചിരുന്നു. ആടുമാടുകൾക്കു പുറമേ ആനകളുടെയും കടുവകളുടെയും ജഡങ്ങൾ കായലോരത്ത് വന്നടിയുന്നതായിരുന്നു കുമരകത്തുനിന്നുള്ള ഒരു പത്രവാർത്ത. വേമ്പനാട്ടു കായലിന്റെ പല ഭാഗങ്ങളും തിരകളില്ലാത്ത സമുദ്രത്തെ ഓർമ്മിപ്പിച്ചു. വയലുകളും കായലുകളും ഒന്നിച്ചുകിടന്നത് അന്നത്തെ രക്ഷാപ്രവർത്തകർക്കും പ്രയാസങ്ങളുണ്ടാക്കി.

മൂന്നാറിലായിരുന്നു വ്യാപക നഷ്ടങ്ങൾ. ശേഖരിച്ച തേയിലക്കൊളുന്തുകൾ പെട്ടെന്ന് ഫാക്ടറിയിലെത്തിക്കാൻ അവിടെ പ്രവർത്തിച്ചിരുന്ന തേയില കമ്പനി ആരംഭിച്ച മൂന്നാർ റെയിൽവേ മലവെള്ളപ്പാച്ചിലിൽ പൂർണമായി തകർന്നുപോയി. വൈക്കം സത്യഗ്രഹികൾ വെള്ളപ്പൊക്കത്തെ ധീരമായി നേരിട്ടു. മുട്ടോളം വെള്ളം പൊങ്ങിയപ്പോഴും,​ അത് ഒടുവിൽ നെഞ്ചോളം ഉയർന്നപ്പോഴും സത്യഗ്രഹികൾ പിൻവാങ്ങിയില്ല. തോണി തുഴഞ്ഞ് അടുത്തെത്തി വിരട്ടാൻ ശ്രമിച്ച യാഥാസ്ഥിതികരുടെ ഗുണ്ടകളെയും അവർ നേരിട്ടു. വെള്ളപ്പൊക്കം മൂലം വീടു നഷ്ടമായ പരിസരവാസികളെ പുനരധിവസിപ്പിക്കുന്നതിനും സത്യഗ്രഹികൾ സന്നദ്ധരായി.

99-ന്റെ കഥയായി

'വെള്ളപ്പൊക്കത്തിൽ"

വെള്ളപ്പൊക്കത്തിൽ ഇരുപത്തിരണ്ടായിരം വീടുകൾ തകർന്നുവെന്നും,​ മുപ്പതിനായിരം ഏക്കർ കൃഷി നശിച്ചുവെന്നുമാണ് മലബാർ വാർത്തകൾ അറിയിച്ചത്. സമ്പന്നർക്ക് ദരിദ്രർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന 'കദനകഥകളും" ആ പത്രറിപ്പോർട്ടുകളിൽ കാണാം. വെള്ളപ്പൊക്കക്കെടുതികളെപ്പറ്റിയുള്ള വാർത്തകൾ കെട്ടടങ്ങും മുൻപ് തിരുവിതാംകൂറിലെ മഹാരാജാവായ ശ്രീമൂലം തിരുനാൾ രാമവർമ്മ 1924 ആഗസ്റ്റ് ഏഴിന് അന്തരിച്ചു. ടൈഫോയിഡായിരുന്നു കാരണമെങ്കിലും,​ രാജഭക്തന്മാർ ഒരു പ്രജാസ്നേഹിയുടെ പ്രായോപവേശമായി ആ മരണത്തെ വ്യഖ്യാനിച്ചു!

വീടു നഷ്ടപ്പെട്ട സാധുക്കൾക്ക് വില കൂടാതെയും മറ്റുള്ളവർക്ക് അസൽ വിലയ്ക്കും ഫോറസ്റ്റ് വകുപ്പിൽനിന്ന് മര ഉരുപ്പടികൾ നൽകാൻ,​ തുടർന്ന് ഭരണാധികാരിയായി വന്ന റീജന്റ് റാണി സേതുലക്ഷ്മിബായി ഉത്തരവിട്ടു. അത്തവണത്തെ വിളവെടുപ്പ്, നികുതിയിൽനിന്ന് ഒഴിവാക്കാനും സർക്കാർ തയ്യാറായി. മലയാളത്തിലെ മികച്ച കഥകളിലൊന്നായ,​ തകഴിയുടെ 'വെള്ളപ്പൊക്കത്തിലി"ന് പ്രേരണയായത് 1099- ലെ വെള്ളപ്പൊക്കമാണ്. സങ്കുചിതത്വത്തിന്റെയും സ്വാർത്ഥതയുടെയും തുരുത്തുകളിൽ നിന്ന് മലയാളിയെ മോചിപ്പിക്കുന്ന മാനവികതയുടെ ഉദയത്തിനും അനന്തരകാലം സാക്ഷിയായി.

Advertisement
Advertisement