കളിയാട്ടങ്ങൾ മനുഷ്യസ്നേഹത്തിന്റെ സമ്മേളനം: മന്ത്രി കടന്നപ്പള്ളി

Monday 15 July 2024 12:14 AM IST
രാമവില്യം പെരുങ്കളിയാട്ടം ഫണ്ട് ശേഖരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ: കളിയാട്ടങ്ങളും ആഘോഷങ്ങളും മനുഷ്യ സ്നേഹത്തിന്റെ സമ്മേളനം കൂടിയാണെന്ന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശ്രീരാമവില്യം കഴകം പെരുങ്കളിയാട്ടം ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉത്സവാഘോഷങ്ങളിൽ ശാസ്ത്രബോധവും സാങ്കേതിക ജ്ഞാനവുമുണ്ടെന്നും നാടിന്റെ ഐശ്വര്യത്തിനും സംസ്കാരത്തിനും അനുകൂലമായ സാഹചര്യം പെരുങ്കളിയാട്ടങ്ങൾ മൂലം സംജാതമാകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.വി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട്, കഴകം അന്തിത്തിരിയന്മാരായ തെക്കെ വീട്ടിൽ കുഞ്ഞിരാമൻ, കെ.വി. നാരായണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എയും ലോഗോ പ്രകാശനം ടി.ഐ. മധുസൂദനൻ എം.എൽ.എയും വെബ്സൈറ്റ് ഉദ്ഘാടനം കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും നിർവ്വഹിച്ചു. തന്ത്രിയിൽ നിന്ന് സാമ്പത്തിക കമ്മിറ്റി കൺവീനർ കെ.വി. ബാലകൃഷ്ണൻ ഫണ്ട് ഏറ്റുവാങ്ങി. ലോഗോ ഡിസൈൻ ചെയ്ത വിഷ്ണു പാലക്കാട്ടിന് സംഘാടക സമിതി ട്രഷറർ പി.പി. കുഞ്ഞിക്കണ്ണൻ ഉപഹാരം കൈമാറി. വെബ്സൈറ്റ് ഡിസൈൻ ചെയ്ത ശ്രാവൺ മുരളിയെ ആദരിച്ചു.

കോയ്മ കലിയന്തിൽ പദ്മനാഭ പൊതുവാൾ, വർക്കിംഗ് ചെയർമാൻ കെ. ശശി, കഴകം പ്രസിഡന്റ് വി.വി. രാഘവൻ, വിവിധ പാർട്ടി നേതാക്കളായ ഡോ. വി.പി.പി. മുസ്തഫ, എ. വേലായുധൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, എ.ജി.സി. ബഷീർ, ബങ്കളം കുഞ്ഞികൃഷ്ണൻ, ഇ.വി. ഗണേശൻ, എം.വി. കുഞ്ഞിക്കോരൻ സംസാരിച്ചു. ജനറൽ കൺവീനർ പി.വി. കണ്ണൻ സ്വാഗതവും സാമ്പത്തിക കമ്മിറ്റി ചെയർമാൻ കെ.പി. മുകുന്ദൻ നന്ദിയും പറഞ്ഞു.

കഴകത്തിലെയും അഞ്ച് ഉപക്ഷേത്രങ്ങളിലെയും സ്ഥാനികരും സമുദായക്കാരും കൂട്ടായ്ക്കാരും നാട്ടുകാരുമടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. 26 വർഷങ്ങൾക്ക് ശേഷം 2025 മാർച്ച് 5 മുതൽ 12 വരെ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായി നൂറോളം തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. അഖിലേന്ത്യാ പ്രദർശനം, വിവിധ കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും. കേന്ദ്ര-കേരള മന്ത്രിമാർ, സിനിമാ മേഖലയിലടക്കമുള്ള കലാകാരന്മാർ സാംസ്കാരിക നായകന്മാർ തുടങ്ങിയവർ സംബന്ധിക്കും.

Advertisement
Advertisement