പക്ഷിപ്പനിക്ക് പിന്നാലെ പടർന്നുപിടിച്ച് പകർച്ചപ്പനി

Monday 15 July 2024 1:27 AM IST

ആലപ്പുഴ: മഴ ശക്തിപ്രാപിച്ചതോടെ പകർച്ചപ്പനിയും വ്യാപിക്കുന്നു. പനി. ചൂട്, ശ്വാസം മുട്ടൽ, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകളുമായി നിരവധിപ്പേരാണ് ദിവസേന ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ഡെങ്കിപ്പനി, എച്ച് വൺ എൻ വൺ, മലേറിയ, വെസ്റ്റ് നൈൽ തുടങ്ങിയ വിവിധയിനം പനികൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഭൂരിഭാഗം പേരുടെയും രക്ത പരിശോധന നടത്തി ഇതര വൈറസ്, ബാക്ടീരിയ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വയറിളക്ക ബാധിതരുടെയും എണ്ണത്തിൽ വർദ്ധനയുണ്ട്. പകർച്ചവ്യാധികൾ വ്യാപിച്ച സ്ഥലങ്ങളിൽ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ആശുപത്രികളിൽ മരുന്നില്ല

1. വൈറൽ പനി മുതൽ വിവിധ ഇനം പനികളുടെ പല ലക്ഷണങ്ങളും സമാനമാണ്. അതിനാൽ ഏതുതരം പനിയാണ് അറിയാൻ രക്തപരിശോധന വേണ്ടിവരും. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു

2. മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായിട്ട് നാളേറെയായി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് മരുന്നിന്റെ കൃത്യമായ സ്റ്റോക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്

3. പനിയടക്കമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലെങ്കിലും അവശ്യ മരുന്നുകളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും കൃത്യമായി ആശുപത്രികളിൽ ലഭ്യമാക്കിയില്ലെങ്കിൽ കാര്യങ്ങൾ വലിയ വിപത്തിലേക്ക് പോകും

മാസ്‌ക്കിലേക്ക് മടക്കം

വിവിധതരം പനികൾ വ്യാപകമായതോടെ പലരും മാസ്ക് ജീവിതത്തിലേക്ക് തിരികെയെത്തി. ആശുപത്രികളിലെത്തുന്നവരോട് മാസ്ക് നിർബന്ധമായി ധരിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്. മഴ കടുത്തതാണ് ഒരാഴ്ചയ്‌ക്കിടെ രോഗബാധിതരുടെ എണ്ണം ഇത്രകണ്ട്

വർദ്ധിക്കാൻ കാരണമെന്നാണ് നിഗമനം. കുട്ടികളിൽ പനി പകരുന്നതിനാൽ ലക്ഷണങ്ങളുള്ളവരെ ക്ലാസിലേക്ക് അയക്കരുതെന്ന് സ്കൂൾ അധികൃതർ നിർദ്ദേശം നൽകുന്നുണ്ട്. മലേറിയ ഉൾപ്പടെ കൊതുകുജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഫോഗിങ്ങും സ്പ്രേയിങ്ങും ഉൾപ്പടെയുള്ള കൊതുക് നശീകരണ നടപടികൾ നടക്കുന്നുണ്ട്.

ഈമാസം ഇതുവരെ

ഡെങ്കിപ്പനി: 129

മലോറിയ: 3

എച്ച് വൺ എൻ വൺ : 50

വെസ്റ്റ് നൈൽ : 1

എലിപ്പനി : 2

മഞ്ഞപ്പിത്തം : 3

വയറിളക്കം : 1700

പനി ബാധിതർ ഉൾപ്പടെയുള്ളവർക്ക് സേവനം ഉറപ്പാക്കാൻ ഒ.പി പ്രവർത്തന സജ്ജമാണ്

- ഡോ.കെ.വേണുഗോപാൽ, ആലപ്പുഴ ജനറൽ ആശുപത്രി

Advertisement
Advertisement