കുമ്പള സഹകരണ ബാങ്ക് ബി.ജെ.പി നിലനിർത്തി

Monday 15 July 2024 12:05 AM IST
ബി.ജെ.പി

കാസർകോട്: കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി മൂന്നാം തവണയും നിലനിർത്തി ബി.ജെ.പി. സേവ സഹകാരി കൂട്ടായ്‌മ എന്ന പേരിൽ യു.ഡി.എഫ്,​ എൽ.ഡി.എഫ് സഖ്യം ഉണ്ടാക്കി മത്സരിച്ച തന്ത്രം വിജയിച്ചില്ല. ബി.ജെ.പിയെ നേരിടാൻ യോജിച്ച സ്ഥാനാർത്ഥികളെ നിർത്താതെയുള്ള തന്ത്രമാണ് ഇതോടെ പാളിപ്പോയത്.

വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2700 ഓളം വോട്ടിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ 1800 ലേറെ വോട്ടുകൾ നേടി വ്യക്തമായ മേൽക്കോയ്‌മ നിലനിർത്തി. ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. ബാങ്കിൽ മെമ്പറായവരെ ഇരുമുന്നണികളും വോട്ട് ചെയ്യാൻ ബൂത്തിലേക്ക് എത്തിക്കാൻ ഏറെ പാടുപെട്ടു. വോട്ടർമാരുടെ താൽപര്യക്കുറവ് വോട്ടിംഗ് ശതമാനത്തെയും ബാധിച്ചു. 5000 ത്തിലേറെ അംഗങ്ങൾ വോട്ട് ചെയ്യാൻ എത്തുമെന്ന് മുന്നണികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പകുതി വോട്ടർമാരെ വോട്ട് ചെയ്യാൻ എത്തിയുള്ളൂ. ഇത് ഇന്ത്യാ മുന്നണിയുടെ കനത്ത തോൽവിക്ക് കാരണമായി.

7000 ത്തിലേറെ അംഗങ്ങളാണ് വോട്ടർമാരായിട്ടുള്ളത്. രാവിലെ തന്നെ നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞപ്രാവശ്യം യു.ഡി.എഫിൽ ഭിന്നത ഉണ്ടാക്കി ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് അട്ടിമറിയിലൂടെ ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. എന്നാൽ ഭരണം തിരിച്ചു പിടിക്കാനുള്ള യു.ഡി.എഫ്- എൽ.ഡി.എഫ് ശ്രമം പാളി. ഇരുവിഭാഗവും വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു. 1952-ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് നിലവിൽ വന്നത്.

Advertisement
Advertisement