മഴയ്ക്ക് മുൻപേ ശുചീകരണം പാളി, പിടിമുറുക്കി എലിപ്പനി, ഡെങ്കി...

Monday 15 July 2024 12:20 AM IST

തൃശൂർ: മഴക്കാലപൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ മികച്ച രീതിയിൽ നടത്താത്തതിനാൽ എലിപ്പനി പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ ഇടയാക്കിയെന്ന വിമർശനത്തെ ശരിവെച്ച് എലിപ്പനിയും ഡെങ്കിയും പടരുന്നു. ഇന്നലെ എലിപ്പനി ബാധിച്ച് ചാവക്കാട് ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്കു താമസിക്കുന്ന കാഞ്ഞിരപറമ്പിൽ വിഷ്ണു (31) മരിച്ചിരുന്നു.

വിട്ടുമാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസമാണ് എലിപ്പനി സ്ഥിരീകരിച്ചത്. കൊതുകുശല്യം രൂക്ഷമായതോടെ ഡെങ്കിപ്പനിയും വ്യാപകമാണ്. അതേസമയം പകർച്ചവ്യാധികൾ സംബന്ധിച്ച കണക്ക് പുറത്തുവിടുന്നുമില്ല. മറ്റ് ജില്ലകളിൽ കോളറയും പടരുന്നുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ നിർദ്ദേശം നൽകി.

പ്രതിരോധം പാളി

പനി പടരുമ്പോൾ പ്രതിരോധത്തേക്കാൾ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന നടപടികളാണുള്ളതെന്ന് വിമർശനമുണ്ട്. മഴക്കാലത്തിന് മുൻപേ തദ്ദേശസ്ഥാപനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാനും നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പിനാകുന്നില്ല. കൊതുകു നശീകരണവും ഫലപ്രദമല്ല. ഓടകളിലും മറ്റും മരുന്ന് തളിച്ച് കൂത്താടികളെ നശിപ്പിക്കാനുള്ള നടപടി നഗരങ്ങളിൽ പോലും ഫലപ്രദമായി നടന്നില്ല. ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിലും പാളിച്ചയുണ്ടായി.

പാഴാകുന്ന നടപടികൾ

ആരോഗ്യവകുപ്പ് കണ്ടെത്തിയ ഹോട്‌സ്‌പോട്ടുകളിൽ മാലിന്യം നീക്കിയില്ല
ഡ്രൈഡേ ആചരണം തദ്ദേശ സ്ഥാപനങ്ങളിലും മറ്റും പൂർണമായി ഇല്ലാതായി
ഫണ്ട് അപര്യാപ്തത മൂലം ഓടകളും ജലസ്രോതസും വൃത്തിയാക്കിയില്ല
സർക്കാർ ആശുപത്രികളിലെ തിരക്ക് കൂടിയതോടെ പരിശോധന താളംതെറ്റി
വരൾച്ചയുള്ളയിടങ്ങളിലും വെള്ളക്കെട്ടുളള സ്ഥലങ്ങളിലും ജലലഭ്യതയുണ്ടായില്ല

പകർച്ചവ്യാധികളേറെ, ജാഗ്രത വേണം


വായുവിലൂടെ പകരുന്ന എച്ച് 1 എൻ 1 ഉൾപ്പെടെയുള്ള ഇൻഫ്‌ളുവൻസ

എ വിഭാഗം വൈറസ്

കൊതുകു പരത്തുന്ന ഡെങ്കിപ്പനി, വെസ്റ്റ് നൈൽ പനി, ജപ്പാൻജ്വരം, മലമ്പനി

മലിനമായ വെള്ളം ഭക്ഷണം വഴി ഹെപ്പറ്റൈറ്റിസ് എ

മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല.

മലിനജലം വഴി എലിപ്പനി

ചെള്ള് വഴി ചെള്ളുപനി

ജലാശയങ്ങളിൽ ക്‌ളോറിനേഷൻ വ്യാപകമായി നടക്കുന്നുണ്ട്. തുടർച്ചയായി ക്‌ളോറിനേഷൻ നടത്തിയാലേ രോഗാണുനിയന്ത്രണം ഫലപ്രദമാകൂ.

ഡോ.ടി.പി.ശ്രീദേവി

ജില്ലാ മെഡിക്കൽ ഓഫീസർ, തൃശൂർ

Advertisement
Advertisement