ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ... സിന്തറ്റിക് ട്രാക്ക് അവസാന ലാപ്പിൽ

Monday 15 July 2024 1:37 AM IST

കൊല്ലം: ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നമായിരുന്ന സിന്തറ്റിക് ട്രാക്കിന്റെ നി‌ർമ്മാണ പ്രവർത്തനങ്ങൾ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അവസാന ഘട്ടത്തി​ലെത്തി​. കിഫ്ബിയിൽ നിന്ന് 5.44 കോടി അനുവദിച്ച ട്രാക്കിന്റെ ടാറിംഗ് അടക്കമുള്ള ജോലികളാണ് ഇനി ബാക്കിയുള്ളത്. ഇതിനുശേഷം ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിക്കും. മഴ മാറിനിന്നാൽ ഒരുമാസം മതി പൂർത്തിയാവാൻ.

400 മീറ്റർ നീളത്തിൽ 8 ലൈനുകളുള്ള, ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ഡബിൾ ബൈൻഡ് ട്രാക്കാണ് ഒരുങ്ങുന്നത്. കിറ്റ്കോയുടെ മേൽനോട്ടത്തിൽ, ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക്കിനാണ് നിർമ്മാണ ചുമതല. ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ജൂണിലാണ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണം ആരംഭിച്ചത്.

ജില്ലയിലെ കായിക മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണിത്. മറ്റുസൗകര്യങ്ങൾ ഉണ്ടെങ്കിലും സിന്തറ്രിക് ട്രാക്ക് ഇല്ലാത്തത് കായിക മേളകളും മത്സരങ്ങളും ജില്ലയിലേക്കെത്തുന്നതിന് തടസമായിരുന്നു. എന്നാൽ പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാന, ദേശീയ മത്സരങ്ങൾ അടക്കമുള്ളവയ്ക്ക് ജില്ല സജ്ജമാകും. സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം തുടങ്ങിയതോടെ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം അടച്ചിട്ടിരുന്നു. പണി പൂർത്തിയാവുന്നതോടെ സ്റ്റേഡിയം തുറന്നു നൽകുമെന്ന് അധികൃതർ പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെയും പവിലിയന്റെയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്.

ഇൻഡോർ സ്റ്റേഡിയവും അവസാനഘട്ടത്തിൽ

ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയത്തിന്റെ 80 ശതമാനം ജോലികളും പൂർത്തിയായി

 തറയിടീൽ പൂർണം. 2500 പേർക്ക് ഇരിക്കാവുന്ന ഗാലറിയും തയ്യാർ

 നാല് വശവും ടിക്കറ്റ് കൗണ്ടറുകൾ

 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കോർട്ട്

 കാണികൾക്കായി 12 ടോയ്ലറ്റുകൾ

 കളിക്കാർക്കായി രണ്ട് ബാത്ത് റൂം ഉൾപ്പടെയുള്ള വലിയ റൂമുകൾ

 നാല് വി.ഐ.പി റൂമുകളും മെഡിക്കൽ, മീഡിയ റൂമകളും

 നീന്തൽ കുളം, ഹോസ്റ്റൽ, ചെയിഞ്ചിംഗ് റൂം എന്നിവയും

 2021 ഫെബ്രുവരിയിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തുടക്കം

 33.90 കോടി രൂപ ചിലവ്

Advertisement
Advertisement