വിശ്രമം എന്തെന്നറിയാതെ ഫയർഫോഴ്സ്: ജോയിക്കായി ഊർജ്ജിത തെരച്ചിൽ 100 അംഗ സംഘം സ്ഥലത്ത്

Monday 15 July 2024 3:06 AM IST

തിരുവനന്തപുരം: രണ്ടാൾ പൊക്കത്തിൽ മാലിന്യം, മുന്നാട്ടുപോകുന്തോറും അതികഠിനം. മുട്ടുകുത്തി നിൽക്കാൻ പോലും കഴിയാത്ത സ്ഥിതി. മുഴുവൻ ഊർജ്ജവുമെടുത്താണ് ടണലിൽ നിന്ന് പുറത്തേക്കുവരുന്നത്- സ്‌കൂബ സംഘാംഗം എസ്.പി. അനുവിന്റെ വാക്കുകൾ.

ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജോയിക്കായുള്ള തെരച്ചിൽ ഓരോ നിമിഷവും വിശ്രമമില്ലാതെ എണ്ണയിട്ട യന്ത്രം പോലെയാണ് ഫയർഫോഴ്സ് മുന്നോട്ടുകൊണ്ടുപോയത്. രാജാജി നഗർ, ചാക്ക, പാറശാല, വിഴിഞ്ഞം, കല്ലമ്പലം, വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. 100 അംഗ ഫയർഫോഴ്സ് സംഘവും 19 സ്കൂബ ടീമും രംഗത്തുണ്ട്. തിരുവനന്തപുരത്ത് നിന്ന് 14ഉം കൊല്ലം ജില്ലയിൽ നിന്ന് 5 സ്കൂബ അംഗങ്ങളും രംഗത്തിറങ്ങി. രാജാജി നഗറിൽ നിന്നുള്ള അഞ്ച് വനിതാ അഗ്നിശമന ജീവനക്കാരും ദൗത്യസംഘത്തിന്റെ ഭാഗമാണ്.

സ്കൂബം ടീം സജ്ജം

ആധുനിക ഉപകരണങ്ങളാണ് സ്കൂബാ ടീമിനുള്ളത്. ആഴത്തിലേക്കിറങ്ങി തെരച്ചിൽ നടത്താൻ സ്കൂബാ അപ്പാരറ്റസുണ്ട്. ഓക്സിജൻ സിലിണ്ടർ മാസ്ക് ഉൾപ്പെടെ അടങ്ങിയതാണിത്.

ബ്രീത്തിംഗ് എയർകംപ്രസർ, ഗ്യാസ് ഡിറ്റക്ടർ, പോർട്ടബിൾ മൈക്കും ദൗത്യസംഘം ഉപയോഗിക്കുന്നു. വലിയ കയർ,​ വെള്ളത്തിന്റെ അടിയിൽ ഉപയോഗിക്കുന്ന ശക്തമായ വെളിച്ചമുള്ള ടോർച്ച് എന്നിവയുമുണ്ട്.

സ്കൂബാ സംഘം അകത്ത് പ്രവേശിച്ചാൽ മൈക്കിലൂടെ വിവരങ്ങൾ നൽകാനും അവർ പറയുന്നത് കേൾക്കാനും സാധിക്കും. സ്ഥലത്ത് ഫയർഫോഴ്സ് ടെന്റ് ക്യാമ്പും സ്ഥാപിച്ചു.

ഓക്സിജൻ അധികം വേണം

സാധാരണ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് 50 മിനിറ്റാണ് വെള്ളത്തിൽ പരിശോധന നടത്താനാകുക. എന്നാൽ ടണലിൽ കുറച്ചുകൂടി ദുഷ്‌കരമാണ്. പരമാവധി 40 മിനിറ്റാണ് ടണലിൽ കഴിയാനാകുക. പത്തിലധികം തവണ മാറി മാറി ഇറങ്ങിയാണ് പരിശോധന നടത്തിയതെന്ന് കെ.ബി. സുഭാഷ് പറഞ്ഞു

എൻ.ഡി.ആർ.എഫ്

രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫ് സംഘവും കഴിഞ്ഞ ദിവസമെത്തി .20 പേരടങ്ങുന്ന സംഘമാണ് എത്തിയത്. ഫയർഫോഴ്സിനെ സഹായിക്കുകയാണ് അവരുടെ ദൗത്യം. മാലിന്യ നീക്കമുൾപ്പെടെയും ചെയ്യുന്നുണ്ട്.

പുതിയ റോബോട്ട് എത്തി

ടെക്നോപാർക്ക് ആസ്ഥാനമായ ജെൻറോബോട്ടിക്‌സ് ഇന്നൊവേഷന്റെ ബാൻഡികൂട്ട് എന്ന റോബോട്ടിനെയാണ് ആദ്യം മാലിന്യനീക്കത്തിന് എത്തിച്ചത്. നൈറ്റ് വിഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള മറ്റൊരു റോബോട്ടിനെ കൂടി ഇന്നലെ തെരച്ചിലിന് എത്തിച്ചു. ഇതിലൂടെ തോട്ടിലെ ദൃശ്യങ്ങൾ പുറത്തുനിന്ന് നിരീക്ഷിക്കാം

മെഡിക്കൽ സംഘം

വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഐ.സി.യു സംവിധാനം ഉൾപ്പെടെയുള്ളവ പ്രത്യേകമായി സജ്ജീകരിച്ച് എമർജൻസി റെഡ് സോൺ സ്ഥാപിച്ചു.

അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓക്സിജൻ സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ളവയും തയ്യാറാണ്. വെള്ളത്തിലിറങ്ങുന്നവർക്ക് ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകളും നൽ​കുന്നു.

നഗരസഭാ സംഘം

72 പേരടങ്ങുന്ന നഗരസഭാ ശുചീകരണ സംഘവും ദൗത്യത്തെ സഹായിക്കുന്നു. മാലിന്യം നീക്കലാണ് ഇവർ ചെയ്യുന്നത്. ഏകോപനത്തിന് നഗരസഭ സെക്രട്ടറി, ​മേയർ തുടങ്ങിയവരും ക്യാമ്പ് ചെയ്യുന്നു.

Advertisement
Advertisement