സോഷ്യൽ സയൻസ് പഠനത്തിലെ അനന്തസാദ്ധ്യതകൾ

Tuesday 16 July 2024 12:00 AM IST

ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ലിബറൽ ആർട്സ് മേഖലയിൽ ലോകത്താകമാനം മാറ്റങ്ങൾ പ്രകടമാണ്. രാജ്യത്ത് പ്രസ്തുത വിഷയങ്ങളിൽ യു. ജി പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഞ്ചു ശതമാനവും, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ചേരുന്നവരിൽ ആറു ശതമാനവും വർദ്ധനവുണ്ട്. ബിരുദ പ്രോഗ്രാമുകളുടെ (യു.ജി ) എൻറോൾമെന്റ് വിലയിരുത്തിയാൽ ബി.എയ്ക്ക് ചേരുന്നവർ റഗുലർ സ്ട്രീമിൽ 51 ശതമാനവും വിദൂര വിദ്യാഭ്യാസത്തിൽ 75 ശതമാനവും വരും. എം.എയിൽ യഥാക്രമം 12 ,42 ശതമാനമാണ്. അതായത് രാജ്യത്ത് ബി.എ, എം.എ പ്രോഗ്രാമുകൾക്ക് ചേരുന്നവരാണേറെയും! ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, അന്ത്രപ്പോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മീഡിയ സ്റ്റഡീസ്, മാസ്സ് മീഡിയ & കമ്മ്യൂണിക്കേഷൻ, ഫിലോസഫി, ഇന്ത്യൻ ഭാഷകൾ, വിദേശ ഭാഷകൾ മുതലായവയ്ക്ക് ചേരുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ്.

രാജ്യത്ത് തൊഴിലില്ലായ്‌മ വർദ്ധിച്ചു വരുമ്പോൾ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ബിരുദ തലത്തിലും മാറ്റങ്ങൾ അവലംബിക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ഭാഗമായി കോഴ്സുകളുടെ കാര്യത്തിലും തൊഴിൽ നൈപുണ്യം ഉറപ്പുവരുത്തുന്നതിലും യു.ജി.സിയും സർവകലാശാലകളും നിരവധി പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിരുദ പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ വർഷത്തിൽ രണ്ടു തവണയാക്കാനുള്ള നീക്കമുണ്ട്. മേജർ വിഷയത്തോടൊപ്പം, താത്പര്യമുള്ള മൈനർ വിഷയങ്ങളെടുക്കുന്നത് എളുപ്പത്തിൽ തൊഴിൽ മേഖലയിലെത്താൻ സഹായിക്കും. വിദേശ സർവകലാശാലകളിലെല്ലാം ഇത് നിലവിലുണ്ട്. ആഗോള വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ഊന്നൽ നൽകുന്നത് സ്കിൽ വികസനം, ഇന്റേൺഷിപ്പുകൾ, തൊഴിൽ ലഭ്യതാ മികവ് ഉറപ്പുവരുത്തൽ എന്നിവയ്ക്കാണ്.

ബി.എ പ്രോഗ്രാമിന് ചേരുന്നതിനു മുമ്പ് ഭാവിയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള മേഖലയെക്കുറിച്ച് ആലോചിക്കണം. വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിനുതകുന്ന നിരവധി വിഷയങ്ങൾ കണ്ടെത്താം. പൊളിറ്റിക്കൽ, പാരിസ്ഥിതിക മാനേജ്‌മെന്റ്, ഇന്റഗ്രേറ്റഡ് നിയമ, ടെക്നോളജി അധിഷ്ഠിത കോഴ്സുകൾ, ന്യൂ മീഡിയ, ഫിലിം & ടെലിവിഷൻ മേഖല, ജേണലിസം, ആർട്ട് & ഡിസൈൻ എന്നിവ മികച്ച അവസരങ്ങൾ പ്രദാനം ചെയ്യും. സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് , ഹോസ്പിറ്റാലിറ്റി, ടൂറിസം, പ്രോജക്റ്റ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് , കണ്ടെന്റ് ഡെവലപ്മെന്റ്, സോഷ്യൽ വർക്ക്, വിദേശ ഭാഷ സേവനം തുടങ്ങി നിരവധി മേഖലകളിലും പ്രവർത്തിക്കാം.

ലോകത്താകമാനം മൾട്ടി ടാസ്കിംഗ് തൊഴിലുകൾക്കാണ് പ്രാധാന്യമേറുന്നത്. അതിനാൽ ബി.എ, എം.എ പഠനത്തോടൊപ്പം മറ്റൊരു മേഖലയിൽ കൂടി സ്കിൽ കൈവരിക്കുന്നത് വ്യത്യസ്ത തൊഴിൽ മേഖലകളിലെത്താനും സംരംഭകരാകാനും സഹായിക്കും. അദ്ധ്യാപനം, ബാങ്കിംഗ്, ഇൻഷ്വറൻസ്, സർക്കാർ സേവനം, സുസ്ഥിര, വികസനോന്മുഖ മേഖലകളിലെ മാറുന്ന സാദ്ധ്യതകൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണം.

ഇന്റർനാഷണൽ , ഗ്ലോബൽ പോളിസിതല കോഴ്സുകൾ വിദേശ സർവകലാശാലകൾ കൂടുതലായി ഓഫർ ചെയ്തുവരുന്നു.

മൾട്ടി ഡിസ്‌സിപ്ലിനറി മേഖലകൾ കണ്ടെത്തണം. അമേരിക്കയിൽ സയൻസ് വിദ്യാർത്ഥികൾ മ്യൂസിക് കോഴ്‌സെടുക്കുന്നത് ഉദാഹരണമാണ്. മാറി ചിന്തിക്കാവുന്ന വിഭിന്ന മേഖലകളിലെത്താനുള്ള പരിശ്രമമാണ് വേണ്ടത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വൺ ഹെൽത്ത്, പബ്ലിക് ഹെൽത്ത്, ഹെൽത്ത് പോളിസി, സർവ്വേ, ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാം.

ബി.എ, എം.എ സോഷ്യൽ സയൻസ് വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യത മികവ് ഉയർത്താനായി ആഗോളതല മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, പോളിസി, സുസ്ഥിര വികസനം, പാരിസ്ഥിതികം, ടെക്നോളജി തുടങ്ങിയ മേഖലകളിലേക്കുള്ള പുത്തൻ മേഖലകൾ പഠനത്തിനൊപ്പമോ തുടർപഠനത്തിനോ കണ്ടെത്തണം. ഡെവലപ്മെന്റ് സയൻസിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്, അശോക യൂണിവേഴ്സിറ്റി, ജെ.എൻ.യു, ഐ.ഐ.എമ്മുകൾ, ഐ.ഐ.ടികൾ, പോളിസിതല ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ, ഡൽഹി യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളിലെ നൂതന കോഴ്സുകൾ, ഉപരിപഠന, ഗവേഷണ മേഖലകൾ എന്നിവ വിലയിരുത്തണം. പ്രോജിക്ട് മാനേജ്‌മെന്റ്, സുസ്ഥിര വികസനം, പാരിസ്ഥിതിക പഠനം, ഡെവലപ്മെന്റ് സയൻസ്, പോളിസി, കാലാവസ്ഥാ വ്യതിയാനം, ബഡ്ജറ്റിംഗ്, മൈക്രോ & മാക്രോ ഇക്കണോമിക്‌സ് , ഉന്നത വിദ്യാഭ്യാസം, ബാങ്കിംഗ്, ഇൻഷ്വറൻസ്, കൺസൾട്ടൻസി സേവനം, ഗവേഷണം, സിവിൽ സർവീസ് മേഖലകളിലേക്കുള്ള തയ്യാറെടുപ്പുകളാണ് വിദ്യാർത്ഥികൾക്കാവശ്യം.

പോളിസി തലത്തിലും സാദ്ധ്യതയേറെയാണ്. ഹെൽത്ത് പോളിസി, കാർഷിക നയം, കാലാവസ്ഥാ മാറ്റം, പബ്ലിക് പോളിസി, ഡാറ്റ മാനേജ്മെന്റ് തുടങ്ങി നിരവധി തലത്തിൽ പ്രവർത്തിക്കാം. ആശയവിനിമയം മെച്ചപ്പെടുത്താനും മാതൃഭാഷയിലും, ഇംഗ്ലീഷിലും നന്നായി സംസാരിക്കാനും എഴുതാനുമുള്ള കഴിവ് സ്വായത്തമാക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, പൊതു വിജ്ഞാനം എന്നിവ അത്യന്തപേക്ഷിതമാണ്. സോഷ്യൽ സയൻസ് ബിരുദധാരികളാണ് കൂടുതലായി സിവിൽ സർവീസ് പരീക്ഷയിൽ മുന്നേറുന്നത്.കാറ്റ് പരീക്ഷയെഴുതി ഐ.ഐ.എമ്മുകളിലെത്തുന്നവരും ഏറെയാണ്.

Advertisement
Advertisement