ആരോഗ്യമന്ത്രി രാജി വയ്ക്കണം: വി.ഡി.സതീശൻ

Tuesday 16 July 2024 12:38 AM IST

തിരുവനന്തപുരം: ആരോഗ്യ മേഖലയും സർക്കാർ ആശുപത്രികളും ഇത്രയും അനാഥമായൊരു കാലഘട്ടം ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.‌ഡി.സതീശൻ പ്രസ്താവിച്ചു. പകർച്ചപ്പനി വ്യാപകമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സർക്കാരും വകുപ്പ് മന്ത്രിയും നോക്കി നിൽക്കുകയാണ്. നിലവിലെ ഗുരുതരമായ സാഹചര്യത്തിൽ എത്രയും വേഗം മന്ത്രി രാജി വച്ച് പുറത്തു പോകുന്നതാണ് പൊതുസമൂഹത്തിനും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ വയോധികൻ രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇത്രയും തിരക്കുള്ളൊരു മെഡിക്കൽ കോളജിലെ ഒ.പി വിഭാഗത്തിൽ രണ്ട് രാത്രിയും ഒരു പകലും ഒരാൾ ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന സംഭവത്തിൽ സർക്കാരിനും മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേ? മാലിന്യ നീക്കം പൂർണമായും നിലച്ച് കേരളം പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടിട്ടും രക്തഹാരം അണിയിച്ച് ക്രിമിനലുകളെ പാർട്ടിയിലേക്ക് ആനയിക്കുന്ന തിരക്കലാണ് മന്ത്രി. ആരോഗ്യ മേഖലയിൽ കേരളം കാലങ്ങൾകൊണ്ട് ആർജ്ജിച്ചെടുത്ത നേട്ടങ്ങളെയൊക്കെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Advertisement
Advertisement