കേജ്‌രിവാൾ ആരോഗ്യവാൻ : തീഹാ‌ർ ജയിൽ അധികൃതർ

Tuesday 16 July 2024 12:47 AM IST

ന്യൂഡൽഹി : മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആം ആദ്മിയുടെ ആരോപണങ്ങളെ തള്ളി തിഹാർ ജയിൽ അധികൃതർ. കേ‌ജ്‌രിവാളിന്റെ ശരീര ഭാരം ഗണ്യമായി കുറഞ്ഞുവെന്നും രക്തത്തിലെ പഞ്ചാരയുടെ അളവ് അപകടകരമാംവിധം താഴ്ന്നുവെന്നായിരുന്നു എ.എ.പിയുടെ ആരോപണങ്ങൾ. എന്നാൽ കേജ്‌രിവാൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും മറ്റ് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. പ്രമേഹ രോഗിയായ കെജ്‌രിവാളിന് പ്രത്യേക ഭക്ഷണക്രമം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ശരീരഭാരം അൽപം കുറഞ്ഞു എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രോഗത്തിന് അനുസൃതമായ ചികിത്സയും ജയിലിൽ ലഭിക്കുന്നുണ്ട്. -അധികൃതർ പറഞ്ഞു. കെജ്‌രിവാളിന്റെ ശരീരഭാരം പരിശോധിച്ചതിന്റെ പട്ടികയും ജയിൽ അധികൃതർ പുറത്തുവിട്ടു. അറസ്റ്റ് ചെയ്യുമ്പോൾ കേജ്‌രിവാളിന് 70 കിലോഗ്രാം ശരീരഭാരം ഉണ്ടായിരുന്നുവെന്നും ഇപ്പോഴത് 61.5 കിലോഗ്രാം ആയി കുറഞ്ഞുവെന്നുമാണ് എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിംഗ് ആരോപിച്ചത്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 എം.ജി/ഡി.എൽ ആയി കുറഞ്ഞുവെന്നും കെജ്‍രിവാളിനെ ഗുരുതര രോഗിയാക്കാൻ ബി.ജെ.പി സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.

Advertisement
Advertisement