വടക്കുന്നാഥന്റെ തിരുമുറ്റത്ത് ഇന്ന് കരിവീരച്ചന്തം വിരിയും

Tuesday 16 July 2024 12:18 AM IST

തൃശൂർ : വടക്കുന്നാഥന്റെ തിരുമുറ്റത്ത് ഇന്ന് കരിവീരച്ചന്തം നിറയും. കർക്കടക പുലരിയിൽ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിന് അറുപതിലേറെ ഗജവീരന്മാർ അണിനിരക്കും. ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്യും.

ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഉരുളകളാക്കും. കൂടാതെ പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴവർഗ്ഗം കൂടി നൽകും. കൂടാതെ ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും നൽകും. കൊച്ചിൻ ദേവസ്വം ശിവകുമാർ, ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ, രാജശേഖരൻ, അയ്യപ്പൻകുട്ടി, ദേവദാസ്, പാറമേക്കാവ് കാശിനാഥൻ, ശങ്കരംകുളങ്ങര ഉദയൻ, പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു, നന്തിലത്ത് ഗോപികണ്ണൻ, ഗോവിന്ദ് കണ്ണൻ, മനിശേരി രാജേന്ദ്രൻ, ഊക്കൻ കുഞ്ചു, മച്ചാട് ഗോപാലൻ, കിരൺ നാരായണൻകുട്ടി, മധുരപ്പുറം കണ്ണൻ, പാമ്പാടി സുന്ദരൻ തുടങ്ങി കൊമ്പന്മാർ ആനയൂട്ടിനെത്തും.

ഗുരുവായൂർ ദേവസ്വം ദേവി, തിരുവമ്പാടി ലക്ഷ്മി, പൂതൃക്കോവിൽ സാവിത്രി, പെരുമ്പറമ്പ് കാവേരി തുടങ്ങി പത്തോളം പിടിയാനകളും പങ്കെടുക്കും. ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പത്തോളം ആനകൾ പങ്കെടുക്കും. രാമായണ മാസാചരണത്തിന് തുടക്കംകുറിച്ച് നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ ഒരുക്കം ഇന്നലെ രാവിലെ ആരംഭിച്ചിരുന്നു.

രാവിലെ അഞ്ചിന് ഗണപതി ഹോമം

രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമം ആരംഭിക്കും. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പടിഞ്ഞാറെ ഗോപുരത്തിന് സമീപം റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതൽ പതിനായിരം പേർക്ക് അന്നദാനവും ഒരുക്കി. ഒമ്പതരയോടെ ആനയൂട്ട് ആരംഭിക്കും.

ഗണപതി ഹോമക്കൂട്ടിന് 12,008 നാളികേരം

2,000 കിലോ ശർക്കര

2,000 കിലോ അവിൽ

500 കിലോ മലർ

60കിലോ എള്ള്

50 കിലോ തേൻ

ഗണപതി നാരങ്ങ

Advertisement
Advertisement