ഒരു അരാഷ്ട്രീയ- രാഷ്ട്രീയപ്പോരിന്റെ ഓർമ്മ

Wednesday 17 July 2024 3:02 AM IST

കേരളംകണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയനേതാവായിരുന്ന ഉമ്മൻചാണ്ടിയെ അരാഷ്ട്രീയംകൊണ്ട് എതിർത്ത ഒരു ഭൂതകാലത്തെക്കുറിച്ചുള്ള സ്വകാര്യമായ കുറിപ്പാണിത്. 1964- 69 കാലത്ത് പാലക്കാട് വിക്ടോറിയാ കോളേജിൽ വിദ്യാർഥിയായിരുന്നു ഈ ലേഖകൻ. കെ.എസ്.യു.വിന്റെ തലപ്പത്ത് ഉമ്മൻചാണ്ടിയും വി.എം. സുധീരനുമൊക്കെ നേതൃപാടവത്തോടെ കടന്നുവന്ന കാലം. ഞാൻ ബി.കോമിന് പഠിക്കുകയാണ്. ഞങ്ങളിൽ പലരും
കാമ്പസിൽ രാഷ്ട്രീയം തീരെ വേണ്ടെന്ന ചിന്താഗതിക്കാർ. ഞങ്ങൾ രാഷ്ട്രീയവിരുദ്ധർ സംഘടിച്ച്, രാഷ്ട്രീയാതീതമായ ഒരു കോളേജ് യൂണിയൻ സൃഷ്ടിക്കണമെന്ന് ചിന്തിച്ചുറപ്പിച്ചു. അതിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിച്ചു.

യൂണിയൻ സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു എന്റെ മത്സരം. കെ.എസ്.യു.വിന് അഭൂതപൂർവമായ ഉണർവും വളർച്ചയുമുണ്ടായ കാലം. പ്രധാന കോളേജുകളിലൊക്കെ യൂണിയൻ പിടിച്ചെടുക്കണമെന്ന ത്വര ഉമ്മൻചാണ്ടിക്കും മറ്റും ഉണ്ടായിരുന്നു. അവരുടെ അമരക്കാരൻ ഉമ്മൻചാണ്ടി തന്നെ. വിക്ടോറിയയിലെ യൂണിയന്റെ നിയന്ത്രണം കൈക്കലാക്കുക എന്നത് അവരുടെ വലിയ ലക്ഷ്യമായി. എസ്.എഫ്.ഐ അന്ന് രൂപംകൊണ്ടിട്ടില്ല. എ.ഐ.എസ്.എഫിന് കാര്യമായ വേരോട്ടവുമില്ല. ഇതിനൊക്കെ പകരം കേരള വിദ്യാർത്ഥി ഫെഡറേഷനാണ് (കെ.എസ്.എഫ്)​ അന്നുണ്ടായിരുന്നത്.

രാജ്യത്ത് പലേടങ്ങളിലും നക്‌സൽ പ്രസ്ഥാനത്തിന് നാന്ദി കുറിക്കപ്പെട്ട സമയമായിരുന്നു അത്. 1969-70 കാലത്തുണ്ടായ കോങ്ങാട് നാരായണൻകുട്ടി നായർ കൊലക്കേസ് കേരളത്തിലെ നക്‌സൽ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ വലിയ സംഭവമായിരുന്നു. എന്റെ സഹപാഠികളായിരുന്ന ഭാസ്‌കരനും ചക്കോയുമൊക്കെ അതിൽ
പ്രതികളായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്ന രാജന്റെ അമ്മാവനായിരുന്നു കൊല്ലപ്പെട്ട നാരായണൻകുട്ടിനായർ. ഭൂപ്രഭുവായിരുന്ന അദ്ദേഹത്തിന്റെ തല വെട്ടിയെടുത്ത് മതിലിനു മീതെ പ്രദർശിപ്പിച്ച സംഭവമായിരുന്നു അത്. അതിനു മുന്നോടിയായുള്ള രഹസ്യയോഗങ്ങളും മറ്റും വിക്ടോറിയാ കോളേജിൽ നടക്കുന്നത് ഞങ്ങളാരും തിരിച്ചറിഞ്ഞിരുന്നില്ല.


വിദ്യാർഥി ഫെഡറേഷന്റെ ബാഹ്യമായ പ്രവർത്തന മാന്ദ്യത്തിനു പിന്നിൽ നക്‌സൽ പ്രവർത്തനങ്ങളുടെ രഹസ്യ നീക്കങ്ങളുണ്ടായിരുന്നുവെന്നും ഞങ്ങൾ തീരെ അറിഞ്ഞില്ല. ആ കുറവു കൂടി തീർക്കുന്ന വിധത്തിൽ കെ.എസ്.യു,വിന്റെ പ്രവർത്തനം അതിശക്തമായിരുന്നു. ഉമ്മൻചാണ്ടി പാലക്കാട്ടു വന്ന് ക്യാമ്പുചെയ്ത് കെ.എസ്.യു.വിനായി പ്രചാരണം നടത്തി. പാലക്കാട്ടെ വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകർ ഏതാണ്ടു പൂർണമായിത്തന്നെ നക്‌സലിസത്തിന്റെ സ്വാധീനത്തലായിക്കഴിഞ്ഞിരുന്നു. പകലൊന്നും അവരെ കോളേജിൽ കണ്ടിരുന്നില്ല. എന്തായാലും,​ ‍ഞങ്ങളായി കോളേജിൽ കെ.എസ്.യു.വിന്റെ പ്രധാന എതിരാളികൾ. സച്ചിദാനന്ദനും കൂട്ടരും കമ്യൂണിസ്റ്റുകാരാണെന്നും കമ്യൂണിസത്തെ ഈ മണ്ണിൽ നിന്ന് തുടച്ചുനീക്കണമെന്നുമൊക്കെ ഉമ്മൻചാണ്ടി കോളേജിനു മുന്നിൽ പ്രസംഗിച്ചത് ഓർമ്മയുണ്ട്. ഇലക്ഷൻ ഫലം വന്നപ്പോൾ രാഷ്ട്രീയ വിരുദ്ധരായ ഞങ്ങൾക്കും രാഷ്ട്രീയക്കാരായ കെ.എസ്.യുക്കാർക്കും അഞ്ചുസീറ്റ് വീതം കിട്ടി. ഞാൻ സെക്രട്ടറിയായി.

ബി.കോമിനുശേഷം ഞാൻ മുംബയിൽ നിയമം പഠിക്കാൻ പോയി. നിയമപഠനം
കഴിയാറായപ്പോഴേക്കും ഉമ്മൻചാണ്ടി കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഒരു
പ്രമുഖ നേതാവായിരുന്നു. അവിടെ ക്വിറ്റിന്ത്യാ സമരത്തിന്റെ പേരിൽ പ്രശസ്തമായ ഒരു മൈതാനമുണ്ട്. ഒരിക്കൽ
ആ മൈതാനത്തുകൂടി നടക്കുമ്പോൾ ഒരു സമ്മേളനം കണ്ടു. പനമ്പിളളി
ഗോവിന്ദമേനോനാണ് പ്രസംഗിക്കുന്നത്. ഞാൻ ശ്രദ്ധിച്ചു. അപ്പോൾ അവരുടെ കൂട്ടത്തിൽ
ഉമ്മൻചാണ്ടിയും വി.എം. സുധീരനുമൊക്കെയുണ്ട്. ഒരു പരിചയക്കാരൻ എന്നെ ഉമ്മൻചാണ്ടിക്ക്
പരിചയപ്പെടുത്തി. അദ്ദേഹത്തിന് എന്നെ ഓർമയുണ്ടായിരുന്നു. 'സച്ചിദാനന്ദനെ വിക്ടോറിയയിൽ
എല്ലാവരും അറിയുമല്ലോ!"- അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു.

അന്ന് രാഷ്ട്രീയത്തെ ശക്തമായി എതിർത്ത എനിക്ക് പിൽക്കാലത്ത് അൽപകാലത്തേക്കെങ്കിലും രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടേണ്ടിവന്നിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം പ്രവർത്തകനായിരുന്ന ഞാൻ യോഗം മുൻകൈയെടുത്ത് രൂപീകരിച്ച സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയിൽ (എസ്.ആർ.പി) പ്രവർത്തിച്ചു.
പാർട്ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. എസ്.ആർ.പിയുടെ എം.എൽ.എയും
മന്ത്രിയുമായിരുന്ന എൻ. ശ്രീനിവാസനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ഞാൻ ആ
സ്ഥാനം രാജിവച്ച് പൂർണസമയം അഭിഭാഷക വൃത്തിയിൽ മുഴുകി.


പിൽക്കാലത്ത് ഞാൻ ഗുവാഹതിയിൽ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ
അംഗമായി. അന്നു ഞാൻ ചുമതലയേറ്റത് ജസ്റ്റിസ് ജി. ശിവരാജനു മുന്നിലാണ്. പിന്നീട് സോളാർ
കേസിൽ ജുഡിഷ്യൽ അന്വേഷണ കമ്മിഷനായി നിയമിതനായ ജസ്റ്റിസ് ശിവരാജൻ. അന്ന് അദ്ദേഹം
സി.എ.ടി വൈസ് ചെയർമാനാണ്. മുഖ്യമന്ത്രിയായിരുന്നിട്ടും ശിവരാജൻ കമ്മിഷനു മുന്നിൽ ഉമ്മൻചാണ്ടി ഹാജരായി,​ അതിദീർഘമായ സമയം ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെലവഴിച്ചത് മറന്നിട്ടില്ല. രാഷ്ട്രീയവും രാഷ്ട്രീയവിരുദ്ധതയും ഏറ്റമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ മറുഭാഗത്തു നിലയുറപ്പിച്ച കൗമാരകാല സ്മരണകളുടെ പച്ചപ്പ് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ആ അനശ്വരാത്മാവിന് പ്രണാമം.


(സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുൻ അംഗമാണ് ലേഖകൻ)

Advertisement
Advertisement