മോചനം കഴിഞ്ഞു മതി,​ പുന‌ർവിവാഹം

Thursday 18 July 2024 1:16 AM IST

മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിവാഹമോചന നിരക്ക് കുറവാണ്. ഇന്ത്യയിൽ 100 വിവാഹങ്ങളിൽ ഒരെണ്ണം വീതമാണ് വിവാഹ മോചനത്തിൽ കലാശിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ഒരു പഠനത്തിൽ പറയുന്നത്. അമേരിക്കയിൽ വിവാഹങ്ങളിൽ 50 ശതമാനമാണ് വിവാഹമോചന നിരക്ക്. ഇന്ത്യയിൽ നഗരങ്ങളിൽ ഉള്ളതിനേക്കാൾ കുറവാണ് ഗ്രാമങ്ങളിലെ വിവാഹമോചനം. വ്യാപകമായ നഗരവത്‌കരണം വിവാഹമോചനങ്ങൾ കൂടാൻ ഇടയാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഡൽഹി നഗരത്തിലെ വിവാഹമോചന നിരക്ക് ഏതാണ്ട് ഇരട്ടിയായാണ് വർദ്ധിച്ചത്. ബംഗളൂരുവിലാകട്ടെ ഏറ്റവും കൂടുതൽ വിവാഹ മോചനങ്ങൾ നടക്കുന്നത് ഐ.ടി മേഖലയിൽ പണിയെടുക്കുന്ന ദമ്പതികൾക്കിടയിലാണ്.

വിവാഹമോചന നിരക്ക് ഓരോ വർഷം കഴിയുമ്പോഴും ഇന്ത്യയിലും കൂടിവരികയാണെന്നാണ് വിവാഹ മോചനത്തിനായി ഫയൽ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന സംസ്ഥാനം- 18.7 ശതമാനം. കേരളത്തിൽ താരതമ്യേന കുറവാണ് (6.3 ശതമാനം)​. വിവാഹമോചനത്തിനുള്ള കേസ് തീർപ്പാകാതെ കക്ഷികൾക്ക് മറ്റൊരു വിവാഹം നിയമപരമായി സാദ്ധ്യമല്ലെന്നാണ് നിയമം. വിവാഹ മോചന കേസുകൾ വലിച്ചുനീട്ടരുതെന്നും എത്രയും വേഗം വിവാഹമോചനം അനുവദിക്കുന്നതിനാവണം കോടതികൾ ഊന്നൽ നൽകേണ്ടതെന്നും സുപ്രീംകോടതി അടുത്തിടെ കുടുംബ കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. വിവാഹമോചന കേസ് നിലനിൽക്കെ വിവാഹം കഴിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്ന സന്ദേശമാണ് അടുത്തിടെ ഒരു കേസിലെ വിധിയിലൂടെ സുപ്രീംകോടതി നൽകിയിരിക്കുന്നത്.

വിവാഹ മോചന കേസ് നിലവിലിരിക്കെ, ഭാര്യ വീണ്ടും വിവാഹം കഴിച്ചതിനെതിരെ സുപ്രീംകോടതി വരെ പോരാടിയാണ് ആദ്യ ഭർത്താവ് അനുകൂലവിധി സമ്പാദിച്ചത്. യുവതിക്കും രണ്ടാം ഭർത്താവിനും കോടതി ആറുമാസം വീതം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ബഹുഭാര്യാത്വത്തിന് മദ്രാസ് ഹൈക്കോടതി നൽകിയ,​ കോടതി പിരിയും വരെയുള്ള ഒരു ദിവസത്തെ തടവുശിക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. നിസ്സാരമായ ശിക്ഷ ഏറ്റുവാങ്ങി ഇറങ്ങിപ്പോകുന്നത് ശരിയല്ല എന്ന നിലപാടാണ് ഉന്നത കോടതി എടുത്തത്. സമൂഹത്തെ ബാധിക്കുന്ന വിഷയമായതിനാൽ അർഹിക്കുന്ന ശിക്ഷതന്നെ നൽകേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി,​ രണ്ടാം ഭർത്താവ് ആദ്യം വിചാരണക്കോടതിയിൽ കീഴടങ്ങി ആറുമാസം ജയിൽശിക്ഷ അനുഭവിക്കണം. അയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ യുവതി ആറുമാസത്തേക്ക് ജയിലിൽ പോകണം.

ദമ്പതികൾക്ക് ആറുവയസുള്ള കുട്ടിയുള്ളത് കണക്കിലെടുത്താണ് ജസ്റ്റിസുമാരായ സി.ടി. രവികുമാർ, പി.വി. സഞ്ജയ്‌കുമാർ എന്നിവരുടെ ബെഞ്ചിന്റെ ഈ വിധി. പ്രത്യേക സാഹചര്യത്തിലുള്ള വിധിയായതിനാൽ ഇത്തരം ശിക്ഷ കീഴ്‌വഴക്കമാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഇരുവരും 20,000 രൂപ വീതം പിഴ അടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവു വരുത്തി, അത് 2000 വീതമായി കുറയ്ക്കുകയും ചെയ്തു. സമൂഹത്തെ ബാധിക്കുന്ന നിയമ ലംഘനങ്ങൾക്ക് നിസ്സാര ശിക്ഷ നൽകിയാൽ ഇത്തരം നിയമലംഘനങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന കാഴ്ചപ്പാടിലാവണം ഉന്നത കോടതി ഈ ഇടപെടൽ നടത്തിയതെന്ന് അനുമാനിക്കാം. ഇതോടൊപ്പം തന്നെ,​ വിവാഹ മോചന കേസുകളിൽ തീർപ്പ് കൽപ്പിക്കാൻ ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കുന്നതും നന്നായിരിക്കും.

Advertisement
Advertisement