വെള്ളപ്പൊക്കം : തിരുവല്ലയിൽ 98 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

Thursday 18 July 2024 12:01 AM IST
വെള്ളം കയറിയ പെരിങ്ങര പി.എം.വി സ്‌കൂൾ -മാവേലിപ്പടി റോഡ്

തിരുവല്ല : താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം ജനങ്ങളെ ദുരിതത്തിലാക്കി. തിരുവല്ല, ഇരവിപേരൂർ, തോട്ടപ്പുഴശ്ശേരി വില്ലേജുകളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 31 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 98 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിലെ ക്യാമ്പിൽ 22 കുടുംബങ്ങളിലെ 76 പേർ കഴിയുന്നുണ്ട്. മണിമലയാറിന് സമീപത്തുള്ള മംഗലശ്ശേരി കോളനിയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഇവിടുത്തെ കുടുംബങ്ങളെ ഇവിടേക്ക് മാറ്റിയത്. നെടുംപ്രയാർ എം.ടി.എൽ.പി.സ്‌കൂൾ വള്ളംകുളം നാന്നൂറ് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് മറ്റു ക്യാമ്പുകൾ. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലവെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങാനുള്ള സാദ്ധ്യതയേറി.

അഞ്ച് സ്‌കൂളുകൾക്ക് ഇന്ന് അവധി

പത്തനംതിട്ട : ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മൂന്ന് സ്‌കൂളുകളും വെള്ളക്കെട്ടിനെ തുടർന്ന് അപകടാവസ്ഥയിലായ രണ്ട് സ്‌കൂളുകളും ഉൾപ്പടെ ജില്ലയിലെ അഞ്ച് സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബഹനാൻസ് യു.പി, തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി നെടുപ്രയാർ എം.ടി.എൽ.പി, തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി, തിരുവല്ല താലൂക്കിലെ അമിച്ചകരി എം.ടി.എൽ.പി, നെടുമ്പ്രം സി.എം.എസ് എൽ.പി എന്നീ സ്‌കൂളുകൾക്കാണ് അവധി.

Advertisement
Advertisement