പാലക്കാട്-രാമേശ്വരം സർവ്വീസിൽ പ്രതീക്ഷയോടെ മലയാളികളും

Thursday 18 July 2024 1:52 AM IST
രാമേശ്വരത്തെ പുതിയ റെയിൽവേ പാലം

 രാമേശ്വരം പുതിയ പാമ്പൻ പാലത്തിലൂടെ ട്രെയിൻ പരീക്ഷണയോട്ടം നടത്തി.


കൊല്ലങ്കോട്: പാലക്കാട്-രാമേശ്വരം ട്രെയിൻ സർവീസ് സാധ്യമാക്കുന്ന രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിലൂടെ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ആദ്യഘട്ടത്തിൽ എൻജിനും പിന്നീട് ആറ് ചരക്ക് ബോഗികളും ചേർന്നുള്ള പരീക്ഷണയോട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. തകർന്ന പഴയ പാലത്തിന് പകരം നിർമ്മിച്ച പുതിയ പാലത്തിന്റെ 90 ശതമാനം ജോലികളും ഇതിനകം പൂ‌‌ർത്തിയായി. ശേഷിച്ച ജോലികളും പൂർത്തീകരിച്ച് 2025 ഓടെ കൂടുതൽ പരീക്ഷണ സർവ്വീസുകളും നടത്തിയ ശേഷമേ ലൈൻ കമ്മീഷൻ ചെയ്യുകയുള്ളൂ എങ്കിലും ഏറെ പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാ‌ർ. വർഷങ്ങൾക്ക് മുൻപ് മീറ്റർഗേജ് പാതയിലൂടെ പാലക്കാട്-രാമേശ്വരം ട്രെയിൻ സർവ്വീസ് ഉണ്ടായിരുന്നതിനാൽ പുതിയ ബ്രോഡ് ഗേജിലൂടെ രാമേശ്വരം സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യതകളാണ് ഇതിനു കാരണം. കേരളത്തിലുള്ളവർക്ക് പാലക്കാട്,​ പഴനി, മധുര, ഏർവാടി, വേളാങ്കണ്ണി വഴി രാമേശ്വരത്തെത്താൻ ഏറെ സൗകര്യമായിരിക്കും. മുൻപ് മീറ്റർഗേജ് ഉണ്ടായിരുന്നപ്പോൾ ഈ റൂട്ടിൽ രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. 2008 ആഗസ്റ്റിലായിരുന്നു പാലക്കാട്-പൊള്ളാച്ചി വഴി രാമേശ്വരത്തേക്ക് മീറ്റർ ഗേജിലൂടെ അവസാന യാത്ര.

കുത്തനെ ഉയർത്താവുന്ന പാലം

ദക്ഷിണ റെയിൽവേ മധുര ഡിവിഷന്റെ കീഴിലാണ് രാമേശ്വരത്തെ പുതിയ പാമ്പൻ പാലം നിർമ്മിച്ചത്. 2020ൽ തറക്കല്ലിട്ട 2.05 കിലോമീറ്റർ നീളത്തിലുള്ള പാലത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായി. പഴയ പാമ്പൻ പാലത്തെക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണിത്. ബോട്ടുകളും
കപ്പലുകളും കടന്നുപോകുമ്പോൾ പാലം കുത്തനെ ഉയർത്തുകയും ട്രെയിൻ പോകുമ്പോൾ താഴ്ത്തുകയും ചെയ്യാം.

മീറ്റർ ഗേജിലൂടെ സർവീസ് നടത്തിയ പാലക്കാട് ജംഗ്ഷൻ-രാമേശ്വരം ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കുകയും ദീർഘദൂര സർവ്വീസുകൾ അനുവദിക്കുകയും ചെയ്താൽ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും വിനോദ കേന്ദ്രങ്ങളിൽ അതിവേഗം എത്തിച്ചേരാനും സാധിക്കും.
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കൊല്ലങ്കോട്.

Advertisement
Advertisement