സി.ബി.ഐ അറസ്റ്റ് ജയിലിൽ തളച്ചിടാൻ കേജ്‌രിവാൾ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Thursday 18 July 2024 1:37 AM IST

ന്യൂഡൽഹി: മദ്യനയക്കേസിലെ സി.ബി.ഐ അറസ്റ്റ് ജയിലിൽ തളച്ചിടാനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ ആരോപിച്ചു. ജാമ്യാപേക്ഷയിൽ ഇന്നലെ ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ വാദം കേൾക്കവെയാണ് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി വാദങ്ങളുന്നയിച്ചത്. ഇ.ഡി കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സാഹചര്യം ഇല്ലാതാക്കാൻ മുൻകരുതലെന്ന മട്ടിൽ 'ഇൻഷ്വറൻസ്' അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തുകയായിരുന്നു. ജാമ്യം ലഭിച്ചാൽ കേജ്‌രിവാൾ വിദേശത്തേക്ക് കടക്കുന്ന സാഹചര്യമില്ല. തെളിവുകൾ നശിപ്പിക്കാൻ പോകുന്നില്ല. അന്വേഷണവുമായി സഹകരിക്കും. രക്തത്തിലെ ഷുഗറിന്റെ നില വലിയതോതിൽ കുറഞ്ഞിരിക്കുന്നുവെന്നും അറിയിച്ചു. എന്നാൽ ആരോപണങ്ങൾ സി.ബി.ഐയുടെ അഭിഭാഷകൻ ഡി.പി. സിംഗ് നിഷേധിച്ചു. കേജ്‌രിവാളിന്റെ മൊഴി വിലയിരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.

 ഇമ്രാൻ ഖാനെയും പരാമർശിച്ചു

ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പേരും കേജ്‌രിവാളിന്റെ അഭിഭാഷകൻ പരാമർശിച്ചു. ഇമ്രാനെ ഒരു കേസിൽ മോചിപ്പിച്ചപ്പോൾ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്‌തു. ഇത്തരം കാര്യങ്ങൾ നമ്മുടെ രാജ്യത്ത് നടക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി.

Advertisement
Advertisement