ആകാശത്ത് കത്തിയമർന്നു: എം.എച്ച് 17 ദുരന്തത്തിന് പത്ത് വയസ്

Thursday 18 July 2024 6:48 AM IST

കീവ് : 298 നിരപരാധികളുടെ മരണത്തിനിടയാക്കിയ മലേഷ്യൻ എയർലൈൻസ് ബോയിംഗ് 777 എം.എച്ച് 17 വിമാന ദുരന്തത്തിന് പത്ത് വയസ്. 2014 ജൂലായ് 17ന് യുക്രെയിന് മീതെ പറന്ന എം.എച്ച് 17നെ കിഴക്കൻ യുക്രെയിനിലെ റഷ്യൻ അനുകൂല വിമതർ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ഡോൺബാസ് മേഖലയിലെ റഷ്യൻ അനുകൂല വിമത ഗ്രൂപ്പുകളും യുക്രെയിൻ സൈന്യവും തമ്മിൽ സംഘർഷം അരങ്ങേറവെയാണ് എം.എച്ച് 17നെ മിസൈൽ തകർത്തത്.

33,000 അടി ഉയരത്തിൽ വച്ച് വിമാനം മൂന്നായി പിളർന്ന് കത്തിയമർന്നു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപ്പൂരിലേക്കായിരുന്നു വിമാനം പറന്നത്. മരിച്ചവരിലേറെയും ഡച്ച് വംശജരായിരുന്നു. യുക്രെയിനാണ് വിമാനം വെടിവച്ചു വീഴ്ത്തിയതെന്ന് റഷ്യ ആരോപിച്ചിരുന്നു. എന്നാൽ വിമത ഗ്രൂപ്പുകൾക്ക് റഷ്യ നൽകിയ മിസൈലാണ് വിമാനത്തെ തകർത്തതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.

വിമാനം തകർത്തത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരവ് പ്രകാരമാണെന്ന് യുക്രെയിൻ ആരോപിച്ചു. എന്നാൽ വിമാനം വെടിവച്ച് വീഴ്ത്താൻ പുട്ടിനോ മറ്റ് ഉന്നത റഷ്യൻ ഉദ്യോഗസ്ഥരോ ഉത്തരവ് നൽകിയതിന് തെളിവുകളില്ല. 2014 മാർച്ച് 8ന് മലേഷ്യയിലെ ക്വാലാലംപ്പൂരിൽ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് 239 യാത്രികരുമായി പറന്നുയർന്ന ഫ്ലൈ​റ്റ് 370 വിമാനം (എം.എച്ച് 370 )​ കാണാതായതിന് പിന്നാലെ മലേഷ്യൻ എയർലൈൻസ് നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നു ഇത്.

Advertisement
Advertisement