മിൽക്ക് സപ്ലൈസ് മാർക്കറ്റിംഗ് സഹ.സംഘം, വിജയിച്ചിട്ടും കോൺഗ്രസിന് തിരിച്ചടി

Friday 19 July 2024 1:29 AM IST

ചേർത്തല:കോൺഗ്രസിന് മുൻതൂക്കമുള്ള നഗരത്തിലെ മിൽക്ക് സപ്ലൈസ് മാർക്കറ്റിംഗ് സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസിനു തിരിച്ചടി. ഔദ്യോഗിക പക്ഷപാനലിൽ മത്സരിച്ച ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.സാനു തോറ്റതാണ് കോൺഗ്രസിനെ ഞെട്ടിച്ചത്. പാനലിനു പുറത്തുനിന്നും മത്സരിച്ച ബി.രാജേഷാണ് വിജയിച്ചത്.ജനറൽ സീറ്റിലേക്ക് മാത്രമായി ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പു നടന്നത്.കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുതർക്കങ്ങളാണ് മത്സരത്തിനു വഴിവെച്ചതെന്നു വിമർശനം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങളായിരുന്നു സി.ആർ.സാനുവും,ബി.രാജേഷും.ഔദ്യോഗിക പാനലിൽ നിന്നും രാജേഷിനെ ഒഴിവാക്കിയതോടെയാണ് സ്വതന്ത്രനായി മത്സരരംഗത്തുവന്നത്.തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ശക്തമായ പ്രചരണമാണ് നടന്നത്.എന്നാൽ ഗ്രൂപ്പു തർക്കങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എസ്.ജയകൃഷ്ണൻ, ജി.വിശ്വംഭരൻനായർ,ബി.രാജേഷ്,എം.എ.രുഘുനാഥപണിക്കർ എന്നിവരാണ് ജനറൽ സീറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. എസ്.നിഷാദ്, ടി.കെ.ചന്ദ്രശേഖരൻ,ഗിരിജാരവീന്ദ്രൻ,എസ്.ഗിരിജമ്മ,ജിൻസ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ജി.വിശ്വംഭരൻനായരെ പ്രസിഡന്റായും ഗിരിജാരവീന്ദ്രനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Advertisement
Advertisement