പ്രായം @ 112 , സംരക്ഷണമില്ലാതെ വണ്ടിപ്പെരിയാർ പഴയപാലം

Friday 19 July 2024 12:54 AM IST

മുല്ലപ്പെരിയാർ ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട്

1912 നാണ് വണ്ടിപ്പെരിയാർ പാലം പൂർത്തീകരിക്കുന്നത്

പാല വളർന്ന് പഴയപാലം കാടുകയറി

കൈവരികൾ തകർന്നു

പീരുമേട് : കൊളോണിയൽ കാലഘട്ടത്തിന്റെ ചരിത്ര സ്മാരകമായി പീരുമേടിന്റെ ചരിത്ര താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വണ്ടിപ്പെരിയർ പഴയപാലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 112 വർഷം പഴക്കമുള്ള പാലം എന്നും നാട്ടുകാരുടെ ഗതകാല സ്മരണകൾ ഉണർത്തുന്ന നിത്യ സ്മാരകമാണ്.ഇന്നത്തെ കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ അന്ന് പെരിയാർ നദികടന്ന് മറുവശത്തെത്തുന്നതിന് വാഹനങ്ങൾ നദിയുടെ ഇരുകരയിലുമിട്ട് കടത്ത് കടന്നതിനാലാണ് വണ്ടിപ്പെരിയാർ എന്ന സ്ഥലനാമം ഉണ്ടായതെന്ന് പഴമക്കാർ പറയുന്നു. തമിഴ്നാട്ടിൽ നിന്നും ചരക്കുമായി കാളവണ്ടികളിൽ വരുമ്പോൾ താവളം പെരിയാർ നദിയുടെ തീരങ്ങളിലാണ് . ഇവിടെയായിരുന്നു കാളകളും വണ്ടിക്കാരും കഴിഞ്ഞിരുന്നത് .അതിനുശേഷമാണ് മുല്ലപ്പെരിയാർ ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് 1912 ഓടെ വണ്ടിപ്പെരിയാർ പാലം പൂർത്തീകരിക്കുന്നത്. ഇപ്പോൾ
ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വണ്ടിപ്പെരിയാറിൽ പുതിയ പാലം വന്നതോടെ ഇപ്പോഴും കേടുപാടുകൾ ഇല്ലാത്ത പഴയ പാലം സംരക്ഷിക്കാൻ അധിക കൃതർ തയ്യാറാകണമെന്ന് ആവശ്യം ഉയർന്നു. ഇപ്പോൾ പാലം വൺ വേ സംവിധാനത്തിനായി ഉപയോഗിക്കുമ്പോഴും പാലം സംരക്ഷിക്കേണ്ട നടപടികൾ ഉണ്ടാവുന്നില്ല എന്ന പരാതികളാണ് നാട്ടുകാരിൽ നിന്നും ഉയരുന്നത്. പാലത്തിൽ പാല ഇനത്തിൽപ്പെട്ട ചെടികൾ വളർന്ന് നിൽക്കുന്നതാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായിരിക്കുന്നത്. പാലയുടെ വേരുകൾ സുർക്കി നിർമ്മിതത്താൽ നിർമ്മിച്ചിരിക്കുന്ന പാലത്തിന്റെ തൂണുകളിലെ കല്ല് കെട്ടുകൾക്കിടയിൽ വളർന്ന് കാലക്രമേണ കല്ല് കെട്ടുകൾക്ക് ഇളക്കം സംഭവിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. പാലത്തിൽ വളരുന്ന ചെടികൾ വെട്ടി മാറ്റുന്ന തോടൊപ്പം ഇവ നശിപ്പിക്കുന്നതിനുള്ള ശാശ്വത പരിഹാരം കാണണമെന്നും പൊതുപ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ പേറി ഈ നൂറ്റാണ്ടിലെ തലമുറയ്ക്കും പീരുമേടിന്റെ ചരിത്ര നാളുകളുടെ ഓർമ്മകൾ സമ്മാനിക്കുന്ന വണ്ടിപ്പെരിയാർ പഴയ പാലം കാലപഴക്കത്തിലല്ല നശിക്കുന്നത് അധികൃതരുടെ അവഗണനയിലാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട് .

മുളകൊണ്ട് ഒരു കൈവരി

കുറഞ്ഞവീതിയിൽ നിർമ്മിച്ചിരിക്കുന്ന പഴയ പാലത്തിലൂടെ കാൽനടയാത്രക്കാർക്കുളള സംരക്ഷണ വേലികൾ അധികവും തകർന്ന നിലയിലാണ്.ഇതോടെ പഴയ കൈവരികൾ പുനർ നിർമ്മിക്കാതെ മുളകൾ ഉപയോഗിച്ച്‌ കൈ വരികൾ കെട്ടി നിർത്തിയുളള കരുതൽ ഒരു ചരിത്ര സ്മാരകത്തോടുളള അവഗണനയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.

Advertisement
Advertisement