ആകര്‍ഷിച്ചത് ഒറ്റ ഘടകം, കൊച്ചിയെ മാതൃകയാക്കാന്‍ മുംബയ് ഉള്‍പ്പെടെ നാല് നഗരങ്ങള്‍

Thursday 18 July 2024 11:36 PM IST

കൊച്ചി: സംസ്ഥാനത്ത് പ്രത്യേകിച്ച് കൊച്ചിയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഏറ്റവും മികച്ച പദ്ധതി ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം വാട്ടര്‍ മെട്രോ എന്നായിരിക്കും. സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊച്ചിക്കാര്‍ക്കിടയില്‍ മാത്രമല്ല പദ്ധതി വന്‍ ഹിറ്റായത്. ആഭ്യന്തര ടൂറിസ്റ്റുകളെ ഉള്‍പ്പെടെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വാട്ടര്‍ മെട്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കൊച്ചിയിലെ ഈ കേരള മോഡല്‍ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

നിരവധി സംസ്ഥാനങ്ങള്‍ കേരളത്തിന്റെ ഈ വിജയിച്ച പരീക്ഷണം അതേപടി പകര്‍ത്താന്‍ മുമ്പ് ആലോചിച്ചിരുന്നു. ഇപ്പോഴിതാ നാല് നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുംബയ്, കൊല്‍ക്കത്ത, ഗോവ, ഗുവാഹത്തി എന്നിവിടങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാട്ടര്‍ മെട്രോ കാണാന്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെത്തിയത് വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്‍കി. ചെറിയ നിരക്കില്‍ എസിയില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതും വാട്ടര്‍ മെട്രോയെ ജനപ്രിയമാക്കി. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍- ബോല്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി നിലവില്‍ സര്‍വീസ് നടത്തുന്നത്. പുതിയ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വീസ് നടത്തും.

Advertisement
Advertisement