വില്ലനായി ഗോസ്‌റ്റ് പെപ്പർ, 14 കുട്ടികൾ ആശുപത്രിയിൽ

Friday 19 July 2024 7:03 AM IST

ടോക്കിയോ : ജപ്പാനിലെ ടോക്കിയോയിൽ എരിവ് കൂടിയ ' സൂപ്പർ സ്‌പൈസി" പൊട്ടറ്റോ ചിപ്‌സ് കഴിച്ച 14 ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ. ചൊവ്വാഴ്‌ചയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു. കുട്ടികളിൽ ഒരാളാണ് അതിരൂക്ഷമായ എരിവോട് കൂടിയ ചിപ്‌സ്‌ ക്ലാസിൽ എത്തിച്ചത്. 30ഓളം കുട്ടികൾ ചിപ്‌സ് കഴിച്ചു.

പിന്നാലെ ചിലർ ഛർദ്ദിച്ചു. മറ്റ് ചിലർക്ക് വായയ്‌ക്ക് ചുറ്റും നീറ്റൽ അനുഭവപ്പെട്ടു. സ്‌കൂൾ അധികൃതർ പൊലീസിനെയും എമർജൻസി സർവീസിനെയും വിവരമറിയിച്ചു. 13 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ചിപ്‌സിന്റെ നിർമ്മാതാക്കളായ ഇസോയാമ കമ്പനി ക്ഷമാപണവുമായി രംഗത്തെത്തി.

അതേ സമയം, ഈ ചിപ്‌സ് കഴിക്കുന്നവർക്ക് കമ്പനി തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. 18 വയസിൽ താഴെയുള്ളവർ ചിപ്‌സ് കഴിക്കരുതെന്നും എരിവ് ഇഷ്‌ടമുള്ളവർ പോലും ജാഗ്രതയോടെ വേണം ഉപയോഗിക്കാനെന്നും കമ്പനി തങ്ങളുടെ വെബ്സൈറ്റിലടക്കം പരസ്യം ചെയ്തിട്ടുണ്ട്. രക്തസമ്മർദ്ദം കൂടിയവരും ഉദര രോഗങ്ങൾ ഉള്ളവരും ഉപയോഗിക്കാൻ പാടില്ല. പായ്‌ക്കറ്റ് പൊട്ടിക്കുന്നവരുടെ വിരലുകളിൽ മുറിവുണ്ടെങ്കിൽ പോലും സൂക്ഷിക്കണം.

വടക്കുകിഴക്കൻ ഇന്ത്യയിൽ കൃഷി ചെയ്യുന്ന ' ഗോസ്‌റ്റ് പെപ്പർ " (ഭൂത് ജൊലോകിയ) എന്ന വീര്യമേറിയ മുളക് കൊണ്ടാണ് ഈ ചിപ്‌സ് നിർമ്മിക്കുന്നത്. ലോകത്തെ ഏറ്റവും വീര്യമേറിയ മുളക് ഇനങ്ങളിലൊന്നാണ് ഇത്.

Advertisement
Advertisement