ഭാഷ ഇനിയൊരു പ്രശ്‌നമേയല്ല, വരുന്നു വാട്‌സാപ്പിൽ പുത്തൻ അപ്‌ഡേറ്റ്

Friday 19 July 2024 6:55 PM IST

മെറ്റ എഐ സംവിധാനം നിലവില്‍ വന്നത് വാട്‌സാപ്പില്‍ വലിയ തരംഗമായിരുന്നു. ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനെപ്പോലെയോ സുഹൃത്തിനെപ്പോലെയോ എന്ത് കാര്യത്തിനും സഹായം തേടാമെന്നതാണ് മെറ്റയുടെ പ്രത്യേകത. ഇപ്പോഴിതായ മറ്റൊരു അപ്‌ഡേറ്റിനായി തയ്യാറെടുക്കുയാണ് വാട്‌സാപ്പ്. എഴുതാനും സംസാരിക്കാനും അറിയാവുന്ന ഭാഷയില്‍ മാത്രമേ ആശയവിനിമയം സാദ്ധ്യമാകു എന്നതായിരുന്നു മറ്റ് മെസഞ്ചര്‍ ആപ്പുകളെ പോലെ തന്നെ വാട്‌സാപ്പിന്റേയും സവിശേഷത.

എന്നാല്‍ ഇനി മുതല്‍ ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കും കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നതാണ് വാട്‌സാപ്പ് അവതരിപ്പിക്കുന്ന പുതിയ അപ്‌ഡേറ്റ്. ഇതിന് വേണ്ടി സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി പ്രത്യേകം ലാംഗ്വേജ് പായ്ക്ക് ഡൗണ്‍ലോഡ് ചെയ്യണം.

തര്‍ജ്ജമ ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് കീഴില്‍ തര്‍ജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവും. നിലവില്‍ ഈ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ്. ഭാവി വാട്സാപ്പ് അപ്ഡേറ്റുകളില്‍ ഈ സംവിധാനം എത്തും. വാട്സാപ്പിന്റെ തന്നെ ട്രാന്‍സ്ലേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഫോണില്‍ തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസിങ് നടക്കുക. ഇതുവഴി സന്ദേശങ്ങളുടെ സ്വകാര്യതയും എന്‍ക്രിപ്ഷനും ഉറപ്പുവരുത്താന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍, ഹിന്ദി ഭാഷകളിലാണ് ഈ സൗകര്യം എത്തുക.

Advertisement
Advertisement