ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ സി. ഐ അസഭ്യം പറഞ്ഞതായി പരാതി
വെഞ്ഞാറമൂട് :ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ യാത്രക്കാരനായ സർക്കിൾ ഇൻസ്പെക്ടർ പൊതു നിരത്തിൽ വച്ച് അസഭ്യം പറഞ്ഞതായി പരാതി. വെഞ്ഞാറമൂട് സ്റ്റേഷനിനെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് മേലുദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വെഞ്ഞാറമൂട്ടിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. ഇതിനിടയിൽപ്പെട്ട തിരുവനന്തപുരം ക്രൈം റെക്കാഡ്സ് ബ്യൂറോ സർക്കിൾ ഇൻസ്പെക്ടർ യഹിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അസഭ്യം പറയുകയായിരുന്നത്രേ. സിവിൽ ഡ്രസിലായിരുന്ന യഹിയയുമായി വാക്ക് തർക്കമുണ്ടാകുകയും സർക്കിൾ ഇൻസ്പെക്ടറാണന്ന് മനസ്സിലാക്കിയ പൊലീസുകാരൻ വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തി റിപ്പോർട്ട് നൽകുകയുമായിരുന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ഇത്തരത്തിൽ പൊലീസുകാരെ പൊതു ജന മധ്യത്തിൽ ആക്ഷേപിക്കാറുള്ളതായി പൊലീസുകാർ പറയുന്നു. എന്നാൽ ട്രാഫിക് കുരുക്കിനെ കുറിച്ച് സംസാരിക്കുക മാത്രമേ നടന്നിട്ടുള്ളൂവെന്നും പൊലീസുകാരനോട് റിപ്പോർട്ട് എഴുതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.