കേന്ദ്ര ബഡ്‌ജറ്റ് പ്രതീക്ഷകൾ മുൻഗണന വേണം,​ കാർഷിക യുവജന മേഖലകളിൽ

Saturday 20 July 2024 2:46 AM IST

കേന്ദ്രത്തിലെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ധനമന്ത്രി നിർമ്മല സീതരാമൻ ഈ 23-ന് പാർലിമെന്റിൽ അവതരിപ്പിക്കാനിരിക്കെ,​ കർഷകരും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും ഏറെ പ്രതീക്ഷയിലാണ്. കർഷകർ ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുമ്പോൾ, അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്‌മയും ദിനംപ്രതി വർദ്ധിക്കുകയാണ്. ഇതിനെല്ലാം പരിഹാരം കാണാൻ സാധിക്കുന്നതായിരിക്കണം കേന്ദ്ര ബഡ്ജറ്റ്.

കർഷകർക്കു വേണം,​

ദീർഘകാല നടപടി

കുറയുന്ന ഉത്പാദനം, ഉത്പാദന ക്ഷമത, വിപണന മാന്ദ്യം എന്നിവ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. 'പ്രധാൻമന്ത്രി കൃഷി സമ്മാൻ നിധി" കർഷകർക്ക് ഇടക്കാല ആശ്വാസം മാത്രമാണ്. സുസ്ഥിര വികസനത്തിനുള്ള നിർദ്ദേശങ്ങളിൽ ഉത്പന്നോപാധികൾക്കുള്ള സബ്സിഡി, സുസ്ഥിര വിപണി, സംസ്‌കരണ പ്രോത്സാഹന പ്രക്രിയ എന്നിവ ഉൾപ്പെടണം. കോൾഡ് ചെയിൻ, കോൾഡ് സ്റ്റോർ പ്രോജക്ടുകൾ ഊർജിതപ്പെടുത്തണം. കാർഷിക, മൃഗ സംരക്ഷണ, ക്ഷീരവികസന, കോഴി വളർത്തൽ, ഫിഷറീസ് മേഖലകളിൽ ഭൗതികസൗകര്യ വികസനം, കിസാൻ ക്രെഡിറ്റ് കാർഡുകൾ, കുറഞ്ഞ പലിശയ്ക്കുള്ള വായ്പ എന്നിവ ഊർജിതപ്പെടുത്തണം.

ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള സാങ്കേതിക വിദ്യയ്ക്ക് ഗവേഷണ സ്ഥാപനങ്ങൾ ഊന്നൽ നൽകണം. കൃഷി അഗ്രി ബിസിനസിലേക്കു മാറുമ്പോൾ ഭക്ഷ്യസംസ്‌കരണം, റീറ്രെയിൽ എന്നിവയ്ക്ക് ബഡ്ജറ്റിൽ കൂടുതൽ നീക്കിയിരിപ്പ് ആവശ്യമാണ്. കാർഷിക മേഖലയിൽ വനിതാ പങ്കാളിത്തം വർദ്ധിച്ചു വരുമ്പോൾ, വനിതാ സംരംഭകത്വത്തിനും കാർഷിക എം.എസ്.എം.ഇകൾക്കും കൂടുതൽ പദ്ധതി വിഹിതം ആവശ്യമാണ്. കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്ന സാങ്കേതികവിദ്യകൾ, കാർബൺ ന്യൂട്രൽ പദ്ധതികൾ, എഫ്.പി.ഒ പ്രോത്സാഹനം എന്നിവ കർഷകർ പ്രതീക്ഷിക്കുന്നു.

പതിനെട്ടിനും ഇരുപത്തിനാലിനും ഇടയ്ക്ക് പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് രാജ്യത്ത് 42 ശതമാനത്തിലധികമാണ്. ഐ.ഐ.ടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പസ് പ്ലേസ്‌മെന്റിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. മെയ്‌ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിട്ട തൊഴിലവസരങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുന്നതോടൊപ്പം സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് മുന്തിയ പരിഗണന നൽകണം. ജനറേറ്റീവ് എ.ഐ, ഓട്ടോമേഷൻ, എനർജി, ഡാറ്റാ സയൻസ് എന്നിവ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടണം. അക്കാഡമിക് സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിംഗ്, ഡ്യൂവൽ, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾ ആവശ്യമാണ്.

സാദ്ധ്യത വർദ്ധിപ്പിച്ച്

എ.ഐ കോഴ്സുകൾ

ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ട് 2024-ലെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആഗോള തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റം ആവശ്യമാണ്. ലീഡർഷിപ്പ്, സൈബർ സെക്യൂരിറ്റി, എ.ഐ സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും സ്‌കിൽ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്. 80 ശതമാനം തൊഴിൽദാതാക്കൾക്കും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക എന്നത് ശ്രമകരമാണെന്ന് സമ്മതിക്കുന്നു. പ്രായോഗിക, തൊഴിലധിഷ്ഠിത സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്.

എ.ഐ അധിഷ്ഠിത സ്‌കില്ലുകൾക്ക് സാങ്കേതിക മേഖലയിലും പ്രാധാന്യം ഏറിവരുന്നു. സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി സ്‌കില്ലുകൾ മികച്ച 10 സ്‌കില്ലുകളിൽപ്പെടുന്നു. അതിവേഗം വളർന്നുവരുന്ന ഡാറ്റാ സയൻസ് സ്‌കില്ലുകളിൽ പവർ ബി 1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റാ വിഷ്വലൈസേഷൻ, ഡാറ്റാ മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ്, റീ ഇൻഫോഴ്സ്‌മെന്റ് ലേർണിംഗ് എന്നിവ ഉൾപ്പെടുന്നു.

മാറുന്ന കാലത്ത്

വിദ്യാഭ്യാസ മാറ്റവും

റീ ഇൻഫോഴ്സ്‌മെന്റ് ലേർണിംഗ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിംഗ്, ബിഗ് ഡാറ്റ, ഡീപ് ലേർണിംഗ് സ്‌കില്ലുകൾ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്‌കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എ.ഐ, പ്രോംപറ്റ് എൻജിനിയറിംഗ് ഫോർ ചാറ്റ് ജി.പി.ടി, ലാർജ് ലാംഗ്വേജ് മോഡൽസ് എന്നിവ എ.ഐ സ്‌കില്ലുകളിൽപ്പെടുന്നു. സിസ്റ്റം സെക്യൂരിറ്റി, ലിനക്സ്, സിസ്റ്റംസ് ഡിസൈൻ, റിയാക്ട് (വെബ് ഫ്രെയിംവർക്ക്), കമ്പ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് മാനേജ്‌മെന്റ്, സൈബർ ആക്രമണം, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി സ്ട്രാറ്റജി എന്നിവ പ്രധാനപ്പെട്ട സാങ്കേതിക സ്‌കില്ലുകളാണ്.

ബിരുദധാരികൾക്കും, തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും യഥാക്രമം അനുയോജ്യമായ റീ സ്‌കില്ലിംഗ്, ആപ്‌ സ്‌കില്ലിംഗ് പ്രോഗ്രാമുകൾ ആവശ്യമാണ്. മാറുന്ന സാഹചര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്യുന്ന വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ഡ്യൂവൽ/ജോയിന്റ് ബിരുദ, ട്വിന്നിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതും,​ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ട് അനുസരിച്ചുള്ള പുത്തൻ കോഴ്സുകൾ രാജ്യത്ത് ആരംഭിക്കുന്നതും വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്കിന് തടയിടാൻ സഹായിക്കും.

രാജ്യം വിടുന്നവർ

രണ്ടു കോടി!

ലോക ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 11 ശതമാനത്തോളം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ഇത് 16 കോടിയോളം വരും. രാജ്യത്തെ 77 ശതമാനം സമ്പത്തും 10 ശതമാനം പേരുടെ കയ്യിലാണ്. ഒരു ശതമാനം പേരുടെ കയ്യിലാണ് 40 ശതമാനം സ്വത്തും. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 125 ൽ 111 ആണ്. പ്രോട്ടീൻ ന്യൂനത, സാംക്രമിക രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ എന്നിവയിൽ രാജ്യം മുന്നിലാണ്. മൊത്തം സാംക്രമിക രോഗങ്ങളിൽ 68 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. രാജ്യത്തു നിന്ന് പ്രതിവർഷം രണ്ടു കോടി ജനങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് മാറിത്താമസിക്കുന്നത്. 25 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ ക്യാമ്പസുകളിലുണ്ട്.

കർഷകരെയും വിദ്യാർത്ഥികളെയും അഭ്യസ്തവിദ്യരായ യുവതീയുവാക്കളെയും ലക്ഷ്യമിട്ടുള്ള ബഡ്ജ‌റ്റ് നിർദ്ദേശങ്ങളാണ് രാജ്യത്തിനാവശ്യം. രാജ്യത്തെ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും കർഷകപ്രശ്നങ്ങളും ഇനിയും കണ്ടില്ലെന്നു നടിക്കരുത്. 2015-16 കാലഘട്ടത്തിൽ കർഷകരുടെ വരുമാനം അഞ്ചുവർഷംകൊണ്ട് ഇരട്ടിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 2024-ൽ പുതുതായി ചുമതലയേറ്റ കേന്ദ്ര കൃഷിമന്ത്രി വരുന്ന അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ,​ രാജ്യത്ത് കർഷക ആത്മഹത്യ വർദ്ധിച്ചു വരുന്നു. പ്രായോഗിക നയങ്ങൾക്കും വികസന തന്ത്രങ്ങൾക്കുമാണ് ബഡ്ജറ്റിൽ ഊന്നൽ നൽകേണ്ടത്.

(കേരള വെറ്ററിനറി സർവകലാശാലാ മുൻ ഡയറക്ടറാണ് ലേഖകൻ)

Advertisement
Advertisement