അർജുൻ തിരിച്ചെത്താൻ പ്രാർത്ഥനയോടെ കുടുംബം #ദുരന്തം അറിയിച്ചത് ലോറി ഉടമ

Saturday 20 July 2024 4:59 AM IST

കോഴിക്കോട്: ''ചേട്ടൻ ജീവനോടെയുണ്ട്. ഒരാപത്തും കൂടാതെ തിരിച്ചെത്തിക്കണം, എല്ലാവരും സഹായിക്കണം, എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം''. കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനായി യാചിക്കുകയാണ് സഹോദരി അഭിരാമി. അച്ഛനെ കാത്തിരിക്കുന്ന ഒരുവയസുള്ള മകൻ അയാനെ മാറോടു ചേർത്ത് കണ്ണീരൊഴുക്കുകയാണ് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ.

ഫോൺ റിംഗ് ചെയ്തതും ലോറിയുടെ ജി.പി.എസ് ട്രാക്ക് ചെയ്തത് മണ്ണിടിഞ്ഞ സ്ഥലത്താണെന്നതും മാത്രമാണ് ഏക സൂചന. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു.

ജൂലായ് എട്ടിനാണ് വീട്ടിൽനിന്ന് കർണാടകയിലേക്ക് മരം കയറ്റാനായി പോയത്. തുടർന്നുള്ള ദിവസങ്ങളിൽ ഫോണിൽ സംസാരിച്ചിരുന്നു. 16ന് പുലർച്ചെ ഭാര്യ കൃഷ്ണപ്രിയയെ വിളിച്ചിരുന്നു. തടി കയറ്റി തിരിച്ചുവരികയാണെന്നു പറഞ്ഞു. സ്ഥിരമായി ഇതിനായി കർണാടകയിൽ പോകാറുണ്ട്. രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ട്.

അതിനാൽ, പിന്നീട് വിളിച്ചിട്ട് കിട്ടാതായപ്പോൾ സംശയം തോന്നിയില്ല. എന്നാൽ, തുടരെ വിളിച്ചിട്ടും കിട്ടാതായതോടെ പ്രശ്നമുണ്ടെന്ന് മനസിലായി. പിന്നാലെ, കർണാടകയിലെ മണ്ണിടിച്ചിലിനെക്കുറിച്ച് അറിഞ്ഞു.അതിനിടെ ലോറി ഉടമ മുക്കം സ്വദേശി മനാഫിന്റെ ഫോൺ വന്നു. അപകടം സംഭവിച്ചെന്ന് സംശയിക്കുന്നതായി പറഞ്ഞു. ജി.പി.എസ് നിരീക്ഷിച്ചിരുന്ന ഭാരത് ബെൻസ് കമ്പനിയാണ് ലോറി ദുരന്തസ്ഥലമാണ് കാണിക്കുന്നതെന്ന് മനാഫിനെ അറിയിച്ചത്. അപ്പോൾ മുതൽ

നിരന്തരം ഫോൺ ചെയ്തു. റിംഗ് ചെയ്തെങ്കിലും പ്രതികരണം ഉണ്ടായില്ല. രണ്ടു ഫോണുണ്ട്. ആദ്യത്തെ ഫോൺ നേരത്തെ സ്വിച്ച് ഓഫായിരുന്നു. രണ്ടാമത്തെ ഫോണിൽ വിളിച്ചപ്പോൾ റിംഗ് ചെയ്തിരുന്നു. ഇന്നലെ വിളിച്ചപ്പോൾ റിംഗ് ചെയ്തെങ്കിലും സ്വിച്ച് ഓഫായെന്ന് സഹോദരി പറഞ്ഞു.

പ്ലസ് ടു പഠനത്തിനുശേഷം ചെറിയ തൊഴിലുകളെടുത്താണ് അർജുൻ കുടുംബത്തെ നോക്കിയിരുന്നത്. പിന്നീട് ലോറി ഡ്രൈവറായി. അഞ്ച് വർഷമായി ലോറി ഡ്രൈവറാണ്. നാല് മക്കളിൽ രണ്ടാമനായ അർജുനായി കണ്ണീരോടെ കാത്തിരിക്കുകയാണ് അമ്മ ഷീലയും അച്ഛൻ പ്രേമനും.

Advertisement
Advertisement