'ചുമച്ചാലുടൻ' കിട്ടില്ല ആന്റി ബയോട്ടിക് !

Saturday 20 July 2024 2:19 AM IST

കൊച്ചി; സംസ്ഥാനത്ത് ആദ്യമായി സ്ഥാപനാടിസ്ഥാനത്തിലുള്ള ആന്റി ബയോട്ടിക് നയം നടപ്പാകുന്ന ആശുപത്രിയായി മാറാനൊരുങ്ങുകയാണ് എറണാകുളം ജനറൽ ആശുപത്രി. ഇതിന് മുന്നോടിയായുള്ള ജില്ലാതല ആന്റി ബയോഗ്രാം ആശുപത്രി നേരത്തെ പുറത്തിറക്കിയിരുന്നു. അണുബാധ ചികിത്സിക്കാൻ ശരിയായ ആന്റിബയോട്ടിക് തിരഞ്ഞെടുക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന ബാക്ടീരിയകളുടെ റിപ്പോർട്ട് കാർഡാണ് ആന്റിബയോഗ്രാം. രോഗികൾ കൗണ്ടറുകളിൽ പോയി ആന്റി ബയോട്ടിക്കുകൾ വാങ്ങുന്നതിനും ഡോക്ടർമാർ അനാവശ്യമായി ആന്റിബയോട്ടിക്കുകൾ എഴുതുന്നതിനും തടയിടാൻ പുതിയ നയം സഹായിക്കും.

ജില്ലാതല ആന്റിബയോഗ്രാം തയ്യാറാക്കൽ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും നേരത്തെ നിർബന്ധമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക് മരുന്നുകൾ നൽകരുതെന്ന് മെഡിക്കൽ സ്‌റ്റോറുകൾക്ക് സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ആന്റിബയോട്ടിക് നയത്തിന്റെ ഗുണങ്ങൾ

ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ ആന്റിമൈക്രോബയൽ പ്രതിരോധം (ആന്റി ബയോട്ടിക്കുകൾ ഫലിക്കാതെ വരുന്ന അവസ്ഥ) കുറയ്ക്കാനാകും

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാനാകും

അണുവിനാണ് മരുന്ന്

അണുബാധ മൂലമുള്ള രോഗങ്ങൾക്ക് ചികിത്സ തേടി എത്തുന്നവരിലെ കാരണഹേതുവായ അണുവിനെ കണ്ടുപിടിച്ച് അതിനുള്ള മരുന്നുകൾ നേരത്തെ തയാറാക്കുന്നതാണ് ആന്റി ബയോഗ്രാം. ഉദാഹരണത്തിന് ചുമ വന്നാൽ അതിന് കാരണഹേതുവായ അണുവിനെ കണ്ടെത്തുകയും അതിന് നൽകേണ്ട മരുന്നുകൾ നേരത്തെ നിശ്ചയിക്കുകയും ചെയ്യും. സൂക്ഷ്മാണുക്കളെ മനസിലാക്കാൻ കഴിഞ്ഞ വർഷം ഏകദേശം 4,500 സാമ്പിളുകളാണ് പരിശോധിച്ചത്. ഇവയുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ആന്റിബയോഗ്രാം തയ്യാറാക്കിയത്.

ആന്റി ബയോട്ടിക് നയം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നയം നടപ്പാക്കിയാൽ നിരന്തരമുള്ള നിരീക്ഷണമുണ്ടാകും. ഒരു രോഗിക്ക് ഏത് ആന്റിബയോട്ടിക് നൽകണമെന്ന് വളരെ വേഗത്തിൽ തീരുമാനിക്കാൻ ഈ നയം ഡോക്ടർമാർക്ക് സഹായകമാകും.

ഡോ. ഷഹീർ ഷാ

സൂപ്രണ്ട്

നറൽ ആശുപത്രി

Advertisement
Advertisement