യു.പി ട്രെയിൻ അപകടം: ഉന്നതതല അന്വേഷണം സ്‌ഫോടന ശബ്‌ദം കേട്ടെന്ന് ലോക്കോ പൈലറ്റ്

Saturday 20 July 2024 12:05 AM IST

ലക്‌നൗ: ഉത്തർപ്രദേശിൽ ചണ്ഡിഗർ- ദിബ്രുഗഡ് എക്‌സ്‌പ്രസ് ട്രെയിൻ പാളം തെറ്റി നാല് പേർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേയും യു.പി പൊലീസും അന്വേഷണം ആരംഭിച്ചു. പാളം തെറ്റുന്നതിന് തൊട്ടുമുമ്പ് സ്‌ഫോടന ശബ്‌ദം കേട്ടതായി ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അട്ടിമറി സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതിനിടെ,​

ഗുരുതരമായി പരിക്കേറ്റ ആറ് പേരിൽ നാല് പേരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 60ലേറെ പേരാണ് ചികിത്സയിൽ കഴിയുന്നത്.  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.35നായിരുന്നു അപകടം.ചണ്ഡിഗഡിൽ നിന്ന് അസാമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്നു ട്രെയിൻ. മുൻവശത്തെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടസ്ഥലം ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ചികിത്സയിൽ കഴിയുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ട്രെയിൻ അപകടങ്ങൾ വർദ്ധിക്കുന്നതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. മോദി സർക്കാർ റെയിൽ സുരക്ഷ അവഗണിക്കുന്നതാണ് അപകടകാരണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരുന്നു.

ഗുഡ്സ് ട്രെയിൻ പാളം തെറ്റി

അതിനിടെ,​ ഗുജറാത്തിലെ വൽസാദിന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുംബയിലെ വെസ്റ്റേൺ റെയിൽവേ ആസ്ഥാനത്ത് റെയിൽവേ സുരക്ഷയും മറ്റ് പ്രശ്നങ്ങളും വിലയിരുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുഡ്സ് ട്രെയിനിന്റെ ട്രോളി വീൽ പാളം തെറ്റിയെന്നും മുംബയ്- അഹമ്മദാബാദ് സർവീസുകളെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. പൂനെക്ക് സമീപമുള്ള ചിഞ്ച്‌വാദിൽ നിന്ന് ഗുജറാത്തിലെ പൽനയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.

Advertisement
Advertisement