ടൂറിസം, വ്യവസായ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങും, സ്വപ്ന പദ്ധതി നടപ്പാക്കാൻ ആലപ്പുഴ

Saturday 20 July 2024 1:11 AM IST

ആലപ്പുഴ : ആലപ്പുഴ തുറമുഖനിർമ്മാണം യാഥാർത്ഥ്യമായാൽ ടൂറിസം, വ്യവസായ രംഗങ്ങളിൽ ജില്ലയ്ക്ക് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങും. വാണിജ്യപരമായി വളരെ പ്രാധാന്യമുള്ള ഇടത്തരം തുറമുഖങ്ങളിലൊന്നാണ് ആലപ്പുഴ. മലയോര മേഖലകളുടെ സാമീപ്യവും സമാന്തരങ്ങളായുള്ള കൊച്ചി ,കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുടെ സാന്നിദ്ധ്യവും ചരക്ക് , യാത്രാ സേവന രംഗത്ത് ആലപ്പുഴയുടെ അനന്തസാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നാലുവശവും ജലാശയങ്ങളാൽ ചുറ്റപ്പെട്ടതും കിഴക്കിന്റെ വെനീസെന്ന പേരിൽ ഖ്യാതി നേടിയതുമായ ആലപ്പുഴയിലെ കടൽ, കായലോര സൗന്ദര്യം ആസ്വദിക്കാനും ഹൗസ് ബോട്ട് ടൂറിസത്തിനുമായി വിദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ആലപ്പുഴയിലെത്തുന്നത്. കൊച്ചി വഴിയാണ് ഇവരിൽ നല്ലൊരു പങ്കും വരുന്നത്. വിമാന മാർഗവും യാത്രാകപ്പലുകൾ മുഖേനയുമെത്തുന്ന ഇവരിൽ പലർക്കും കൊച്ചിയ്ക്ക് പകരം ആലപ്പുഴയിൽ കപ്പൽ മാർഗം നേരിട്ടെത്താമെന്നതാണ് തുറമുഖം വികസിക്കുമ്പോഴുള്ള നേട്ടം. വിഴിഞ്ഞം , കൊല്ലം തുറമുഖങ്ങൾ സാധാരണനിലയിലാകുന്നതോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും കപ്പൽ സർവീസുകൾക്ക് സാദ്ധ്യതയേറെയാണ്.

ചരക്ക് ഗതാഗതത്തിന് സഹായകം

റോഡ് മാർഗമുള്ളതിനേക്കാൾ ചെലവ് കുറച്ചുള്ള ചരക്ക് നീക്കം വ്യവസായ വാണിജ്യ മേഖലകളിൽ വൻ വികസനത്തിന് വഴിതെളിയ്ക്കും

 കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള മലഞ്ചരക്കുകളും ആലപ്പുഴയിൽ നിന്നുള്ള കയറും സമുദ്രോൽപ്പന്നങ്ങളും വിവിധ വ്യവസായ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കയറ്റി അയക്കാം

 ആലപ്പുഴയിലെ വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതിചെയ്യാനും തുറമുഖം സഹായിക്കും

 പോർട്ടിനായുള്ള കസ്റ്റംസ് ഓഫീസും ഗോഡൗണുകളും മറ്റ് സൗകര്യങ്ങളുമെല്ലാം ആലപ്പുഴ തുറമുഖത്ത് സജ്ജമാണ്

കടൽപ്പാലത്തിനനുബന്ധമായി വാർഫും ക്രെയിനുൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമായാൽ സ്വാഭാവികമായും കപ്പലടുക്കാനാവശ്യമായ ആഴമുള്ള തുറമുഖം സ്ഥാപിക്കാം

വിനോദ സഞ്ചാരികളുടെ വരവ്

2023

വിദേശികൾ....15,065

ആഭ്യന്തര സഞ്ചാരികൾ..... 6,42,817

2024

വിദേശികൾ....3,229

ആഭ്യന്തര സഞ്ചാരികൾ.....2,59,935

Advertisement
Advertisement