ബംഗ്ലാദേശ് പ്രക്ഷോഭം: മരണം 64 ആയി  ജയിലിന് തീയിട്ടു

Saturday 20 July 2024 6:49 AM IST

ധാക്ക : ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പ്രക്ഷോഭത്തിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി.നർസിംഗ്‌ദി ജില്ലയിൽ ജയിലിന് തീയിട്ട പ്രക്ഷോഭകാരികൾ നൂറുകണക്കിന് തടവുകാരെ സ്വതന്ത്രമാക്കി. രാജ്യത്ത് ടി.വി ചാനലുകളുടെ സംപ്രേക്ഷണം മുടങ്ങി.

മൊബൈൽ, ഇന്റർനെറ്റ്,​ ബ്രോഡ്ബാൻഡ് സേവനങ്ങളും തകരാറിലായതോടെ രാജ്യം ഒറ്റപ്പെട്ട അവസ്ഥയിലേക്ക് നീങ്ങി. നിരവധി വാർത്താ വെബ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചു. ധാക്കയിൽ ദേശീയ ചാനലായ ബി.ടി.വിയുടെ ആസ്ഥാനത്തിന് വ്യാഴാഴ്ച അക്രമികൾ തീയിട്ടതിന് പിന്നാലെയാണ് വാർത്താ വിനിമയ മേഖല സ്തംഭിച്ചത്.

ധാക്കയിലെ എല്ലാ പൊതുസമ്മേളനങ്ങളും പൊലീസ് നിരോധിച്ചെങ്കിലും അക്രമ സംഭവങ്ങൾക്ക് കുറവില്ല. പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടർന്ന് ട്രെയിൻ, റോഡ് ഗതാഗതം തടസപ്പെട്ടു. കല്ലേറിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിടിച്ചുവിടാൻ കണ്ണീർവാതക പ്രയോഗമുണ്ടായി.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവ് റുഹുൽ കബീർ റിസ്‌വി അഹ്‌മ്മദ് അടക്കം നിരവധി പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും വിദ്യാർത്ഥികളും അറസ്റ്റിലായി.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിൽപ്പെട്ടവർക്ക് സർക്കാർ ജോലിയിലുള്ള 30 ശതമാനം സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടങ്ങിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി,​ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയും പ്രതിഷേധം വ്യാപിക്കുകയാണ്.

 വ്യാപക ഹാക്കിംഗ്

രാജ്യത്തെ സർക്കാർ, സ്വകാര്യ വെബ്സൈറ്റുകൾ ഇന്നലെ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടു. സെൻട്രൽ ബാങ്ക്, പ്രധാനമന്ത്രിയുടെ ഓഫീസ്, പൊലീസ് തുടങ്ങിയ വെബ്സൈറ്റുകൾ ' ദ റെസിസ്റ്റൻസ് " എന്ന പേരിലെ സംഘം ഹാക്ക് ചെയ്തു. വിദ്യാർത്ഥികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഇതൊരു പ്രതിഷേധമല്ല, യുദ്ധമാണെന്നും ഹാക്കർമാർ വെബ്സൈറ്റുകളിൽ രേഖപ്പെടുത്തി. പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ ആവർത്തിച്ചു. എന്നാൽ ചർച്ചയും വെടിവയ്പും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Advertisement
Advertisement