നമ്മളല്ലേ ശരിക്കും ഉത്തരവാദികൾ?​

Sunday 21 July 2024 2:27 AM IST

തലസ്ഥാന നഗരത്തിൽ തോട് വൃത്തിയാക്കുന്നതിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ വേർപാട് നമ്മെ ഒരുപാടു കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്. നഗരമാലിന്യം പേറുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന ശ്രമകരമായ ദൗത്യമാണ് ജോയി ഏറ്റെടുത്തത്. തിരുവനന്തപുരം നഗരത്തിൽ മാത്രം ഒരു ദിവസം ആകെ കുമിയുന്ന മാലിന്യത്തിന്റെ അളവ് നമുക്ക് സങ്കല്പിക്കാവുന്നതിലും അധികമാണ്- 475 ടൺ! ഇതിൽ 360 ടണ്ണും പ്ലാസ്റ്റിക് മാലിന്യമാണ് എന്നുകൂടി അറിയണം. നമ്മുടെ യഥാർത്ഥ പ്രശ്നം മാലിന്യമല്ല,​ മറിച്ച്​ പ്ലാസ്റ്റിക്കാണ് എന്ന തിരിച്ചറിവ് നൽകാൻ ഈ കണക്കു മാത്രം മതി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള 59 ശതമാനം മാലിന്യവും വീടുകളിൽ നിന്ന് പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്. 20 ശതമാനമാകട്ടെ,​ മാർക്കറ്റുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ്. 18- 19 ശതമാനം ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും. ജോയിയുടെ മരണത്തിൽ സർക്കാരിനെയോ നഗരസഭയെയോ ഉത്തരവാദികളാക്കുന്നില്ല. കാരണം,​ ഇപ്പോൾ ഗ്രാമപഞ്ചായത്തോ കോർപ്പറേഷനോ നഗരസഭയോ മാലിന്യം കുഴിച്ചുമൂടാൻ നാട്ടുകാരെ അനുവദിക്കാറില്ല. അത്തരം പ്രവണതകൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നുമുണ്ട്.

അതുകൊണ്ട്,​ നാട്ടുകാർ ചെയ്യുന്നത് മാലിന്യങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഇതുപോലെ പൊതുഇടങ്ങളിലോ തോടുകളിലോ വലിച്ചെറിയുകയാണ്. അങ്ങനെ ചിന്തിക്കുമ്പോൾ ജോയിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഓരോത്തർക്കുമുണ്ട്. മാലിന്യം കെെകാര്യം ചെയ്യുന്നതിൽ നമ്മൾ ചെറിയ തോതിൽ മാറിച്ചിന്തിക്കുകയാണെങ്കിൽ മാലിന്യപ്രശ്നത്തെ പൂർണമായും ഇല്ലാതാക്കാനാവും. പറച്ചിലല്ല,​ പ്രവൃത്തിയാണ് വേണ്ടത്.

തിരുവനന്തപുരം നഗരത്തിലെ ജനസംഖ്യ 15 ലക്ഷത്തോളമാണ്. നമ്മൾ ഓരോരുത്തരും ചുവടെ പറയുന്ന കാര്യങ്ങൾ സ്വയം തീരുമാനിക്കുകയാണെങ്കിൽ,​ മറ്റാരുടെയും സഹായമില്ലാതെ തന്നെ മാലിന്യ പ്രശ്നവും പ്ലാസ്റ്റിക്ക് ഉപയോഗവും കുറയ്ക്കാം. ഇതിനായി ഒരു വർഷമായി സ്വന്തംനിലയ്ക്ക് ഞാൻ അനുവർത്തിക്കുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കാം:

 ടിഷ്യുപേപ്പർ ഒരു വർഷമായി ഞാൻ ഉപയോഗിക്കാറില്ല. കാരണം,​ ലോകത്ത് ഏറ്റവും കൂടുതൽ മരങ്ങൾ നശിപ്പിക്കപ്പെടുന്നത് ടിഷ്യു പേപ്പർ നിർമ്മാണത്തിനായാണ്.

 ഓൺലൈൻ ഉത്പന്നങ്ങൾ വാങ്ങാറില്ല. ഈ ഓർഡറുകളിൽ നാലഞ്ചു ലെയർ പ്ലാസ്റ്റിക് പായ്ക്കിംഗാണ് എത്തുക. കണക്കുപ്രകാരം,​ പ്ലാസ്റ്റിക് വേസ്റ്റേജിൽ 30 മുതൽ 40 ശതമാനം വരെ കടകളിൽ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പായ്ക്കിംഗും പ്ലാസ്റ്റിക് ബാഗുകളുമാണ്.

 ആഗോളതാപനത്തിന് പ്രേരകശക്തിയാണ് ഓൺലൈൻ സെയിൽ. ഉദാഹരണമായി ഒരു സർവേ പ്രകാരം,​ ഒരു ആർട്ടിക്കിൾ ഓൺലൈനിൽ വാങ്ങിയാൽ അതിന്റെ കാർബൺ ഫുട്പ്രിന്റ് 178 ഗ്രാം ആണ്. അതേ സമയം,​ കടയിൽ നിന്നുവാങ്ങിയാൽ അതിന്റെ കാർബൺ ഫുട്പ്രിന്റ് 140 ഗ്രാമിന് അടുത്തേ ഉണ്ടാകൂ.

 പങ്കെടുക്കുന്ന പൊതുപരിപാടികളിലോ സ്‌കൂളുകളിലോ കോളേജിലോ ഒരിടത്തും എന്നെ സ്വീകരിക്കാൻ നൽകുന്ന പ്ലാസ്റ്റിക് പൂവുകളോ മറ്റ് പ്ലാസ്റ്റിക് സാധനങ്ങളോ വാങ്ങാറില്ല.

 കുടിവെള്ളവുമായി യാത്ര ചെയ്യുന്നതിനാൽ പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിക്കാറില്ല. വന്ദേഭാരത് ട്രെയിനിൽ യാത്രക്കാർക്ക് 750 മി.ലിറ്ററിന്റെ കുപ്പിവെള്ളം നൽകിയിരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഭൂരിപക്ഷം യാത്രക്കാരും വെള്ളത്തോടെ തന്നെ കുപ്പി ഉപേക്ഷിക്കുകയാണ് ചെയ്യാറ്. ഒരാൾക്ക് ഇതിന്റെ പകുതി വെള്ളം മതിയാകുമെന്ന് ഞാൻ റെയിൽവേയെ അറിയിച്ചിരുന്നു. ആ അഭിപ്രായം സ്വീകരിച്ചതാണോ എന്നറിയില്ല,​ ഇപ്പോൾ വന്ദേഭാരത് ട്രെയിനിൽ 350 മി.ലിറ്ററിന്റെ കുപ്പിവെള്ളമാണ് നല്കുന്നത്.

 പ്ലാസ്റ്റിക് സാധനങ്ങൾ കഴിയുന്നതും വീട്ടിൽ വാങ്ങുന്നില്ല. അക്കാര്യം എന്റെ കുടുംബത്തോടും പറയാറുണ്ട്.

 കടകളിൽ പോകുമ്പോൾ ജൂട്ടിന്റെയോ തുണിയുടേയോ ബാഗ് നിർബന്ധമായും കയ്യിൽ കരുതും. പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനാണ് ഇത്.

 പുസ്തകങ്ങളോ സാധനങ്ങളോ വാങ്ങുമ്പോൾ പ്ലാസ്റ്റിക് പായ്ക്കിംഗ് ഇല്ലാതെ സാധനം കൈയിൽ കൊണ്ടുവരികയാണ് പതിവ്. നിവൃത്തിയില്ലെങ്കിൽ മാത്രം പേപ്പറിൽ പൊതിഞ്ഞു വാങ്ങും.

ഇത്രയും കാര്യങ്ങൾ ഞാൻ ഒരു വർഷമായി ചെയ്തുവരുന്നതാണ്. എല്ലാവരും ഇങ്ങനെ ചെയ്തു തുടങ്ങിയാൽ വലിച്ചെറിയേണ്ടിവരുന്ന പ്ളാസ്റ്റിക്കിന്റെ അളവ് എത്രയോ കുറയ്ക്കാനാകും! പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ ഇപ്പോൾ വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ചു വരുന്നുണ്ട്. പ്രതിമാസം 400 രൂപയാണ് കോർപ്പറേഷൻ അതിന് ഈടാക്കുന്നത് (ഗ്രാമപ്രദേശങ്ങളിൽ തുക കുറവാണ്). എന്നാൽ,​ വലിയൊരു ശതമാനം ആളുകൾ ഈ 400 രൂപ ലാഭിക്കാനായി മാലിന്യമുക്ത പദ്ധതികളിൽ പങ്കുചേരാതെ മാറിനില്ക്കുന്നു. അതിന് മാറ്റം വരണം. എല്ലാവരും ഈ പദ്ധതിയിൽ പങ്കാളികളാവണം.

ജോയി മുങ്ങിമരിച്ചത് മാലിന്യവാഹിയായ ചെറിയ കൈത്തോട്ടിലാണ് എന്നോർക്കുക. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കതിരിക്കാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലും ചെയ്യാവുന്നതേുള്ളൂ. ഇതിനായി ആരുടെയും അനുവാദം നേടേണ്ട ആവശ്യമില്ല. സ്വയം തീരുമാനിച്ച് നടപ്പാക്കിയാൽ മതി. ഒന്നും ചെയ്യാൻ തയ്യാറല്ലാതെ,​ ചാനൽ ചർച്ചകളിലും മറ്റും വലിയ വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് നമുക്ക് ശീലം. നമ്മൾ ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ല എന്നതാണ് മറ്റു പല ദുരന്തങ്ങളെയുമെന്ന പോലെ ഈ ദുരന്തത്തിനും കാരണം. ഇനിയെങ്കിലും ഇത് നമ്മൾ തിരിച്ചറിയേണ്ടേ?

Advertisement
Advertisement