കാർത്തികേയൻ റിപ്പോർട്ട് പെട്ടിയിൽ വച്ചു പൂട്ടരുത്

Sunday 21 July 2024 3:11 AM IST

നിരവധി വിദഗ്ദ്ധ സമിതി റിപ്പോർട്ടുകൾക്കൊപ്പം പ്ളസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയുക്തമായ പ്രൊഫ. വി. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടും സെക്രട്ടേറിയറ്റിൽ പൊടിപിടിച്ചു കിടക്കുമോ എന്നു നിശ്ചയമില്ല. ഒന്നര പതിറ്റാണ്ടായി സംസ്ഥാനത്ത് പ്ളസ് വൺ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയാണ് നടന്നുവരുന്നത്. പ്രവേശന നടപടികൾ സുതാര്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒട്ടേറെ പ്രശ്നങ്ങളും പരിമിതികളുംകൊണ്ട് പ്രവേശന കാലത്ത് സംസ്ഥാന വ്യാപകമായി ഗൗരവമേറിയ പരാതികളും ഏകജാലക സംവിധാനവുമായി ബന്ധപ്പെട്ടുണ്ട്. പ്രധാനമായും വടക്കൻ ജില്ലകളിലാണ് ഏറെ പരാതികൾ ഉയരുന്നത്. വലിയ പ്രക്ഷോഭത്തിൽ വരെ അതു ചെന്നെത്താറുമുണ്ട്. മിടുക്കിന്റെ അടയാളമായി കരുതപ്പെടുന്ന എ പ്ളസ് മുഴുവൻ വിഷയങ്ങൾക്കും കരസ്ഥമാക്കിയ മിടുക്കർക്കു പോലും പ്രവേശനം ലഭിക്കാത്ത സ്ഥിതി ഇത്തവണയുമുണ്ടായി.

അധിക ബാച്ച് അനുവദിച്ചാണ് പരാതികൾ വല്ല വിധവും ഇല്ലാതാക്കിയത്. പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ അതനുസരിച്ച് അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാത്തതിനാൽ കരാർ അദ്ധ്യാപക‌രെ വച്ചു വേണം ക്ളാസുകൾ നടത്താൻ. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കരാർ അദ്ധ്യാപകർ സ്ഥിരം സംവിധാനമായിക്കഴിഞ്ഞു. ഇഷ്ടമുള്ള വിഷയം ഇഷ്ട സ്‌കൂളുകളിൽ പഠിക്കാൻ അവസരം ലഭിക്കാത്തതാണ് ഏകജാലക സംവിധാനത്തിലെ ന്യൂനതകളിലൊന്ന്. പ്രവേശനത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.സി.ടി സെൽ ഉടച്ചുവാർക്കണമെന്നതുൾപ്പെടെ പ്രവേശന നടപടികൾ സുഗമവും സുതാര്യവുമാക്കാൻ ഒട്ടേറെ നിർദ്ദേശങ്ങൾ അടങ്ങുന്നതാണ് കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്. സമിതി റിപ്പോർട്ടിൽ ഏറ്റവും പ്രസക്തവും പരിഗണനാർഹവുമായ ഭാഗം, വിദ്യാർത്ഥികളുടെ പഠനഭാരവുമായി ബന്ധപ്പെട്ടുള്ളതാണ്. കുട്ടികളുടെ മാനസികാരോഗ്യം പാടേ തകർക്കും വിധമാണ് പഠനഭാരം!

പഠനത്തിൽ മാത്രം താത്‌പര്യം പുലർത്തുന്ന കുട്ടികളെ സംബന്ധിച്ച് വലിയ പ്രശ്നമില്ലെങ്കിലും നല്ലൊരു വിഭാഗം വഴിതെറ്റുന്നതിന്റെ അടിസ്ഥാന കാരണം അമിത പഠനഭാരം തന്നെയാണ്. ആഴ്ചയിൽ ആറുദിവസം രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലേമുക്കാൽ മണിവരെ തുടർച്ചയായുള്ള ക്ളാസ് പഠനം കുട്ടികളെ തളർത്തുന്നതാണ്. ക്ളാസ് മുറികളും പുസ്‌തകങ്ങളുമല്ലാതെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനോ വിനോദത്തിനോ വായനാശീലം വളർത്താനോ ഉള്ള അവസരങ്ങൾ പരിമിതമാണ്. ഈ സാഹചര്യമാണ് കുട്ടികളെ വേണ്ടാത്ത വഴികളിലേക്കെല്ലാം തിരിയാൻ പ്രേരിപ്പിക്കുന്നത്. ഇന്നത്തെ യുവതലമുറയെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞ ലഹരി ഉപയോഗത്തിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടുന്നതിനുള്ള പ്രധാന കാരണം അറുബോറൻ പാഠ്യപദ്ധതി തന്നെയാണ്. പാഠ്യക്രമം തയ്യാറാക്കുന്ന വിദഗ്ദ്ധ സമിതികൾ വേണം ഇതിന് പരിഹാരം കണ്ടുപിടിക്കാൻ.

പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠഭാഗങ്ങളിൽ പലതും കുട്ടികൾക്ക് ആവശ്യമില്ലാത്തതും അനാവശ്യ സമ്മർദ്ദത്തിലാക്കുന്നതുമാണ്. അഭിരുചിക്കിണങ്ങിയ വിഷയങ്ങളല്ല ഏറെ കുട്ടികളും പഠിക്കുന്നത്. ഉപരിപഠനത്തിനെത്തുമ്പോൾ മിടുക്ക് തെളിയിക്കാനാകാതെ പലരും പിൻതള്ളപ്പെടാൻ കാരണം ഇതാണ്. ഹൈസ്കൂൾ തലത്തിലേ തുടങ്ങണം ഭാവിയിൽ ഏതു വിഷയം തിരഞ്ഞെടുക്കണമെന്ന ധാരണ. കുട്ടിയുടെ താത്‌പര്യം വിലയിരുത്തി അവരെ നയിക്കാൻ അദ്ധ്യാപകർക്കും കഴിയണം. എങ്കിലേ വിദ്യാഭ്യാസം അർത്ഥവത്തും പ്രയോജനകരമാവുകൂ. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പെട്ടിയിൽ വച്ചു പൂട്ടാതെ അതിലെ ശുപാർശകൾ സർക്കാർ ഗൗരവപൂർവം പഠിക്കണം. നടപ്പാക്കാവുന്നവ അടുത്ത അദ്ധ്യയന വർഷം തന്നെ നടപ്പാക്കുകയും വേണം. ഈ വിഷയത്തിൽ അദ്ധ്യാപകരുടെ അഭിപ്രായവും കേൾക്കണം. അദ്ധ്യാപക സംഘടനകൾ ശമ്പളവർദ്ധനയ്ക്കുവേണ്ടി മാത്രം ശബ്ദമുയർത്തുന്നതിനൊപ്പം കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിലും അർത്ഥപൂർണമായി ഇടപെടണം. സർക്കാരിന് ആവശ്യമായ പിന്തുണയും നൽകണം.

Advertisement
Advertisement